കോട്ടയം: കുമരകം പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ബിജെപിയുടെ പിന്തുണയോടെ യുഡിഎഫ് സ്വതന്ത്രൻ വിജയിച്ചു. യുഡിഎഫ് സ്വതന്ത്രനായ എ.പി. ഗോപിയാണ് പുതിയ പ്രസിഡന്റ്. വോട്ടെടുപ്പിൽ ബിജെപി അംഗത്തിന്റെ വോട്ട് കൂടി ലഭിച്ചതോടെ യുഡിഎഫ് - എൽഡിഎഫ് മുന്നണികൾ തുല്യനിലയിലാവുകയും തുടർന്ന് നടന്ന നറുക്കെടുപ്പിലൂടെ യുഡിഎഫ് വിജയിക്കുകയുമായിരുന്നു.(UDF wins in Kumarakom with BJP's support)
യുഡിഎഫ് സ്ഥാനാർത്ഥി എ.പി. ഗോപിക്ക് ബിജെപി അംഗത്തിന്റെ വോട്ട് ഉൾപ്പെടെ 8 വോട്ടുകൾ ലഭിച്ചു. എൽഡിഎഫ് സ്ഥാനാർത്ഥി കെ.എസ്. സലിമോനും 8 വോട്ടുകൾ ലഭിച്ചതോടെയാണ് വിജയിയെ കണ്ടെത്താൻ നറുക്കെടുപ്പ് വേണ്ടിവന്നത്.
സാധാരണ നിലയിൽ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിൽക്കാറുള്ള ബിജെപി ഇത്തവണ യുഡിഎഫിന് വോട്ട് ചെയ്തു. ബിജെപി പിന്തുണയോടെയാണ് യുഡിഎഫ് ഭരണത്തിലെത്തിയതെന്ന് എൽഡിഎഫ് ആരോപിച്ചു.