'ക്ഷേമ പ്രഖ്യാപനങ്ങൾ ജാള്യത മറയ്ക്കാൻ, ജനങ്ങളെ കബളിപ്പിക്കാൻ ആകില്ല, UDF തിരിച്ച് വരും': VD സതീശൻ | UDF

ഇത് സി.പി.ഐയെ പറ്റിക്കാനുള്ള നീക്കമാണെന്നും സതീശൻ ആരോപിച്ചു
'ക്ഷേമ പ്രഖ്യാപനങ്ങൾ ജാള്യത മറയ്ക്കാൻ, ജനങ്ങളെ കബളിപ്പിക്കാൻ ആകില്ല, UDF തിരിച്ച് വരും': VD സതീശൻ | UDF
Published on

കൊച്ചി: സംസ്ഥാന സർക്കാരിൻ്റെ പുതിയ ക്ഷേമപദ്ധതി പ്രഖ്യാപനങ്ങളെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഈ പ്രഖ്യാപനങ്ങൾ സർക്കാരിൻ്റെ ജാള്യത മറയ്ക്കാനുള്ള നീക്കമാണെന്നും തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ജനങ്ങളെ കബളിപ്പിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.(UDF will return, says VD Satheesan)

"പാവപ്പെട്ടവർക്കും സാധാരണക്കാർക്കും സർക്കാർ എന്ത് കൊടുത്താലും ഞങ്ങൾ അതിനെ സ്വാഗതം ചെയ്യും. എന്നാൽ, എൽ.ഡി.എഫ്. അധികാരത്തിൽ വരുംമുമ്പ് സാമൂഹ്യ സുരക്ഷാ പെൻഷൻ 2500 രൂപ കൊടുക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. നാലരക്കൊല്ലം ഇത് ചെയ്തില്ല. തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് 400 രൂപ കൂട്ടി. യഥാർത്ഥത്തിൽ 900 രൂപ നഷ്ടമാണ്. അങ്ങനെ കേരളത്തിലെ ജനങ്ങളെ കബളിപ്പിക്കാൻ പറ്റില്ല." അദ്ദേഹം കൂട്ടിച്ചേർത്തു.

"തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള വർധനവാണെന്ന് മനസ്സിലാക്കാനുള്ള സാമാന്യബുദ്ധി കേരളത്തിലെ ജനങ്ങൾക്കുണ്ട്. നാലരക്കൊല്ലം ജനങ്ങളെ കബളിപ്പിക്കുകയായിരുന്നു സർക്കാർ, " സതീശൻ പറഞ്ഞു.

ആശാ വർക്കർമാരുടെ സമരത്തെ പരിഹസിച്ച സർക്കാരാണ് ഇപ്പോൾ 33 രൂപ കൂടുതൽ കൊടുത്തിരിക്കുന്നത്. അവരുടെ ഓണറേറിയം ഗൗരവകരമായി വർദ്ധിപ്പിക്കണമെന്ന് ഹൈക്കോടതി പോലും പറഞ്ഞിട്ടുള്ളതാണ്. ക്ഷേമനിധികൾ ഇതുപോലെ മുടങ്ങിയ കാലം മുമ്പുണ്ടായിട്ടില്ല എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ജീവനക്കാർക്കും അധ്യാപകർക്കും പെൻഷൻകാർക്കും എല്ലാം ഈ സർക്കാർ കൊടുക്കാനുള്ളത് ഒരു ലക്ഷം കോടി രൂപയാണ്. നായനാർ സർക്കാരാണ് പെൻഷൻ കൊടുത്തു തുടങ്ങിയതെന്ന് പച്ചക്കള്ളം പ്രചരിപ്പിക്കുകയാണ് എന്നും അദ്ദേഹം പറഞ്ഞു.

18 മാസത്തെ കുടിശ്ശിക ഉമ്മൻചാണ്ടി സർക്കാരിൻ്റെ കാലത്തുണ്ടായിരുന്നു എന്നത് സി.പി.എം. 'ക്യാപ്സ്യൂൾ' മാത്രമാണ്. അത് തെളിയിക്കാൻ മുഖ്യമന്ത്രിയെയും ധനകാര്യമന്ത്രിയെയും വെല്ലുവിളിക്കുന്നു. പി.എം. ശ്രീ ആരും അറിയാതെ പോയി ഒപ്പുവച്ചതിനു ശേഷമാണോ മന്ത്രിസഭാ ഉപസമിതി രൂപീകരിക്കുന്നത് എന്നും അദ്ദേഹം ചോദിച്ചു.

ഇത് സി.പി.ഐയെ പറ്റിക്കാനുള്ള നീക്കമാണെന്നും സതീശൻ ആരോപിച്ചു. "ഇതിൽനിന്ന് മാറും എന്ന് പറയാൻ മുഖ്യമന്ത്രി ഭയക്കുന്നത് എന്തിനാണ്? എന്ത് സമ്മർദ്ദമാണ് മുഖ്യമന്ത്രിക്ക് ഉണ്ടായത്?" എന്നും സതീശൻ ചോദിച്ചു.

2026-ൽ നൂറിലധികം സീറ്റുകളുമായി യു.ഡി.എഫ്. കേരളത്തിൽ തിരിച്ചു വരുമെന്നും അതിന് നേതൃത്വം കൊടുക്കുന്നത് കോൺഗ്രസ്സാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോൺഗ്രസ്സിൽ കുഴപ്പമെന്നത് സി.പി.എം. നറൈറ്റീവാണ്, എന്നാൽ ഇപ്പോൾ എൽ.ഡി.എഫിലാണ് കുഴപ്പമെന്നും സതീശൻ പരിഹസിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com