തിരുവനന്തപുരം: ഇടതുമുന്നണിയുടെ ഭാഗമാണെന്ന് ജോസ് കെ. മാണി തന്നെ വ്യക്തമാക്കിയ സാഹചര്യത്തിൽ അവരുമായി ചർച്ച നടത്തുന്നതിൽ അർത്ഥമില്ലെന്ന് രമേശ് ചെന്നിത്തല. യുഡിഎഫ് ആരെയും ചാക്കിട്ട് പിടിക്കാൻ ശ്രമിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.(UDF will come to power by winning 100 seats, says Ramesh Chennithala)
ജോസ് കെ. മാണി ഇടതുമുന്നണി വിടാൻ താത്പര്യം പ്രകടിപ്പിക്കാത്തടത്തോളം ചർച്ചകൾക്ക് പ്രസക്തിയില്ല. അവർ സ്വയം തീരുമാനമെടുത്ത് മുന്നണിക്ക് പുറത്തുവരികയാണെങ്കിൽ അപ്പോൾ മാത്രം ചർച്ച ചെയ്യാം. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് 100 സീറ്റുകൾ നേടി അധികാരത്തിൽ വരും. ജനങ്ങൾ ഭരണമാറ്റം ആഗ്രഹിക്കുന്നുണ്ടെന്നും അത് മുഖ്യമന്ത്രിക്ക് മാത്രമേ മനസ്സിലാകാത്തതുള്ളൂ എന്നും അദ്ദേഹം പരിഹസിച്ചു.
സിപിഎം വിട്ട് കോൺഗ്രസിൽ ചേർന്ന ഐഷ പോറ്റിയുടെ നടപടി കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അപചയത്തെയാണ് കാണിക്കുന്നത്. അവർ പ്രവർത്തിച്ചിരുന്ന പഴയ പാർട്ടിയല്ല ഇന്നത്തെ സിപിഎം. അവർ നേരിട്ട അവഗണനയാണ് കോൺഗ്രസിലേക്ക് വരാൻ പ്രേരിപ്പിച്ചതെന്നും ചെന്നിത്തല പറഞ്ഞു.
വയനാട്ടിൽ ദുരിതബാധിതർക്കായി കോൺഗ്രസ് കണ്ടെത്തിയ സ്ഥലം വന്യമൃഗശല്യമുള്ളതാണെന്ന സിപിഎം പ്രചാരണം തെറ്റാണ്. വാസയോഗ്യമായ സ്ഥലമാണ് കോൺഗ്രസ് കണ്ടെത്തിയതെന്നും സിപിഎമ്മിന്റെ നുണപ്രചരണങ്ങൾ മാധ്യമങ്ങൾ ഏറ്റെടുക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.