കോട്ടയം: തൃണമൂല്‍ കോണ്‍ഗ്രസിനെ അസോഷ്യേറ്റ് പാര്‍ട്ടിയാക്കാന്‍ യുഡിഎഫ് തീരുമാനം. ഹൈക്കമാന്‍ഡ് അനുമതി ലഭിച്ചാല്‍ വൈകാതെ പ്രഖ്യാപനമുണ്ടാകും. തൃണമൂല്‍ കോണ്‍ഗ്രസിനെ മുന്നണിയില്‍ ഉള്‍പ്പെടുത്തുന്ന കാര്യവും തീരുമാനിക്കും. ഘടകകക്ഷിയായി പരിഗണിക്കാതെ സഹകക്ഷിയായി പരിഗണിക്കുന്ന രീതിയാണ് അസോഷ്യേറ്റ് പാർട്ടി. നിലവിൽ ആർഎംപി യുഡിഎഫിന്റെ അസോഷ്യേറ്റ് പാർട്ടിയാണ്. നിയമസഭയില്‍ സ്വതന്ത്രമായ നിലപാടെടുക്കാന്‍ അസോഷ്യേറ്റ് പാര്‍ട്ടിക്ക് കഴിയും.
അസോഷ്യേറ്റ് പാര്‍ട്ടി മുന്നണിക്കകത്ത് ഉണ്ടായിരിക്കില്ല. എന്നാൽ മുന്നണിയുമായി സഹകരിക്കും. യുഡിഎഫ് യോഗത്തിൽ പങ്കെടുക്കാനും സാധിക്കില്ല. ഇക്കാര്യത്തില്‍ വ്യക്തത വരുത്താനാണ് കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ അൻവറുമായുള്ള തുടർ ചർച്ചകൾക്ക് ചുമതലപ്പെടുത്തിയത്.
തൃണമൂല്‍ കോണ്‍ഗ്രസിനെ മുന്നണിയിൽ ഉള്‍പ്പെടുത്തുന്നതില്‍ ഘടകകക്ഷികള്‍ക്ക് എതിര്‍പ്പില്ലെന്നാണ് വിവരം. എന്നാൽ, ദേശീയതലത്തിൽ തൃണമൂൽ കോൺഗ്രസ് സ്വീകരിക്കുന്ന നിലപാടുകൾ, കോൺഗ്രസിനെ അത്തരമൊരു തീരുമാനാമെടുക്കുന്നതിൽ നിന്നും പിന്നോട്ടുവലിക്കുന്നു.