എറണാകുളം: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ എറണാകുളം ജില്ലയിൽ സമ്പൂർണ്ണാധിപത്യം സ്ഥാപിക്കുകയും മറ്റ് ജില്ലകളിൽ വലിയ മുന്നേറ്റം ഉണ്ടാക്കുകയും ചെയ്തതിൻ്റെ ആത്മവിശ്വാസത്തിലാണ് യു.ഡി.എഫ്. മിന്നുന്ന വിജയത്തിന് പിന്നാലെ, കൊച്ചി കോർപ്പറേഷനിലെ മേയർ സ്ഥാനാർത്ഥിയെ തീരുമാനിക്കുന്നതിനുള്ള ചർച്ചകളിലേക്ക് മുന്നണി കടക്കുകയാണ്.(UDF to decide on Kochi Corporation Mayor soon)
യു.ഡി.എഫ്. പാർലമെൻ്ററി പാർട്ടി യോഗം ചേർന്ന് മേയറെ നിശ്ചയിക്കാനാണ് ധാരണയായിരിക്കുന്നത്. പ്രതിപക്ഷ നേതാവ് നേരിട്ട് പങ്കെടുക്കുന്ന ചർച്ചയിൽ അന്തിമ തീരുമാനം ഉണ്ടാകും. നിലവിൽ ദീപ്തി മേരി വർഗീസ്, വി.കെ. മിനിമോൾ, ഷൈനി മാത്യു എന്നിവരെയാണ് മേയർ പദവിയിലേക്ക് പ്രധാനമായും പരിഗണിക്കുന്നത്. കൊച്ചിക്ക് പുറമെ തൃശ്ശൂർ, കൊല്ലം കോർപ്പറേഷനുകളിലെ മേയർമാരെയും യു.ഡി.എഫ്. ഉടൻ പ്രഖ്യാപിക്കും.
നഗരമേഖല, മലയോരം, കടലോരം, കായലോരം എന്നിവിടങ്ങളിലെല്ലാം ആധിപത്യം ഉറപ്പിച്ചാണ് എറണാകുളം ജില്ലയിൽ യു.ഡി.എഫ്. മിന്നുന്ന വിജയം നേടിയത്. അതേസമയം, തൃപ്പൂണിത്തുറയിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറിയത് ജില്ലയിൽ ബി.ജെ.പി.ക്കും നേട്ടമായി.
എറണാകുളത്തെ കനത്ത തിരിച്ചടിയുടെയും മറ്റ് കോർപ്പറേഷനുകളിലെ സാഹചര്യങ്ങളുടെയും പശ്ചാത്തലത്തിൽ, തോൽവിയുടെ കാരണങ്ങൾ തേടി എൽ.ഡി.എഫ്. വിശദമായ പരിശോധനകളിലേക്ക് കടക്കും. എറണാകുളം ജില്ലയിലെ സ്ഥിതിവിശേഷം പ്രത്യേകമായി പഠനവിധേയമാക്കും.