
മലപ്പുറം: സംസ്ഥാന സർക്കാർ സംഘടിപ്പിച്ച വികസന സദസ്സിൽ നിന്ന് യുഡിഎഫ് പ്രതിനിധികൾ ഇറങ്ങിപ്പോയി. മലപ്പുറം പള്ളിക്കൽ പഞ്ചായത്ത് വികസന സദസ്സിനിടെയാണ് സംഭവം. ഉദ്ഘാടന സെഷന് ശേഷമാണ് യുഡിഎഫ് പ്രതിനിധികൾ ഇറങ്ങിപ്പോയത്. ഇതോടെ, സർക്കാരിന്റെ വികസന നേട്ടങ്ങൾ പ്രദർശിപ്പിക്കുന്ന വീഡിയോ ഉൾപ്പെടെ കാണാൻ ആളില്ലാത്ത സ്ഥിതിയായി.(UDF representatives walk out of government programme in Malappuram)
മുസ്ലിം ലീഗ് ഭരിക്കുന്ന പഞ്ചായത്തിലാണ് ഇന്നലെ പരിപാടി നടന്നത്. ചടങ്ങിൽ വിരലിൽ എണ്ണാവുന്ന ആളുകൾ മാത്രമായിരുന്നു പങ്കെടുത്തത്. പിന്നീട് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പരിപാടി പൂർത്തിയാക്കുകയായിരുന്നു.
മുസ്‌ലിം ലീഗിന്റെ നിലപാട്
സംസ്ഥാന സർക്കാരിന്റെ വികസന സദസ്സുമായി സഹകരിക്കില്ലെന്ന് മുസ്‌ലിം ലീഗ് മലപ്പുറം ജില്ലാ സെക്രട്ടറി പി. അബ്ദുൾ ഹമീദ് എംഎൽഎ നേരത്തെ അറിയിച്ചിരുന്നു. യുഡിഎഫിന്റെ നേതൃത്വത്തിൽ വികസന സദസ്സുകൾ നടത്താനാണ് നിർദേശം നൽകിയതെന്നും, സർക്കുലറിൽ പിഴവുണ്ടെങ്കിൽ തിരുത്തുമെന്നും അബ്ദുൾ ഹമീദ് വ്യക്തമാക്കി.
യുഡിഎഫ് നേതൃത്വം തള്ളിയ സംസ്ഥാന സർക്കാരിന്റെ വികസന സദസ്സുമായി ലീഗ് മലപ്പുറം ജില്ലാ കമ്മിറ്റി സഹകരിക്കുമെന്ന വാർത്ത വലിയ വിവാദമായിരുന്നു. ഈ പശ്ചാത്തലത്തിലാണ് എംഎൽഎ വിശദീകരണവുമായി രംഗത്തെത്തിയത്.