പയ്യന്നൂരിൽ UDF ഓഫീസ് തകർത്തു: സ്ഥാനാർത്ഥിയുടെ വീടിന് നേരെ ബോംബേറ്; കണ്ണൂരിൽ വ്യാപക അക്രമം | UDF

സംഭവത്തിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്
പയ്യന്നൂരിൽ UDF ഓഫീസ് തകർത്തു: സ്ഥാനാർത്ഥിയുടെ വീടിന് നേരെ ബോംബേറ്; കണ്ണൂരിൽ വ്യാപക അക്രമം | UDF
Updated on

കണ്ണൂർ: തദ്ദേശ തിരഞ്ഞെടുപ്പ് വിജയാഘോഷത്തിനിടെ കണ്ണൂർ പയ്യന്നൂരിൽ സി.പി.എം. പ്രവർത്തകർ യു.ഡി.എഫ്. തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തകർക്കുകയും സ്ഥാനാർത്ഥിയുടെ വീടിന് നേരെ ആക്രമണം നടത്തുകയും ചെയ്തതായി ആരോപണം. പയ്യന്നൂർ നഗരസഭയിലെ 44-ാം വാർഡ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസാണ് തകർക്കപ്പെട്ടത്. (UDF office destroyed in Payyannur, Bomb thrown at candidate's house)

മുങ്ങം ജുമാ മസ്ജിദിന് അടുത്തുള്ള ഓഫീസിലേക്ക് ബൈക്കുകളിലെത്തിയ പതിനഞ്ചോളം വരുന്ന സി.പി.എം. പ്രവർത്തകരുടെ സംഘം അതിക്രമിച്ച് കയറി അടിച്ചു തകർക്കുകയായിരുന്നു. അക്രമം നടത്തുന്നതിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. യു.ഡി.എഫ്. സ്ഥാനാർത്ഥിയായിരുന്ന പി.കെ. സുരേഷിൻ്റെ വീടിന് നേരെയും ആക്രമണമുണ്ടായി. വീടിന് നേരെ സ്‌ഫോടക വസ്തു എറിയുകയായിരുന്നു.

സംഭവത്തിൽ യു.ഡി.എഫ്. 44-ാം വാർഡ് തിരഞ്ഞെടുപ്പ് കമ്മിറ്റി പയ്യന്നൂർ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. 12 സി.പി.എം. പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. അക്രമസംഭവങ്ങൾക്കിടെ രാമന്തളിയിലെ മഹാത്മാ സ്മാരക കൾച്ചറൽ സെൻ്ററിലെ ഗാന്ധി ശിൽപ്പത്തിന് നേരെയും അതിക്രമമുണ്ടായി.

ഗാന്ധി ശിൽപ്പത്തിൻ്റെ മൂക്കും കണ്ണടയും തകർത്തു. ഇന്ന് രാവിലെയാണ് ശിൽപ്പം ഭാഗികമായി തകർന്ന നിലയിൽ സമീപവാസികളുടെ ശ്രദ്ധയിൽപ്പെട്ടത്. തദ്ദേശ തിരഞ്ഞെടുപ്പ് ഫലം വന്നതിനു പിന്നാലെ സംസ്ഥാനത്തുടനീളം ചെറിയ തോതിൽ വ്യാപകമായി അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com