തിരുവനന്തപുരം: വയനാട് ക്യാമ്പ് നൽകിയ ആവേശത്തിന് പിന്നാലെ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജന ചർച്ചകളിലേക്ക് യുഡിഎഫ് കടക്കുന്നു. 140-ൽ 100 സീറ്റുകൾ നേടുക എന്ന ലക്ഷ്യവുമായാണ് മുന്നണി മുന്നോട്ട് പോകുന്നത്. പുതിയ ഘടകകക്ഷികൾക്ക് സീറ്റ് നൽകേണ്ടി വരുന്നതിനാൽ കോൺഗ്രസ് മത്സരിക്കുന്ന സീറ്റുകളുടെ എണ്ണത്തിൽ ഇത്തവണ കുറവുണ്ടായേക്കും.(UDF makes big moves, Will PV Anvar get seat ?)
യുഡിഎഫിന്റെ അസോസിയേറ്റ് അംഗമായി മാറിയ പി.വി. അൻവർ ഇത്തവണ മത്സരരംഗത്തുണ്ടാകുമെന്ന് ഏകദേശം ഉറപ്പായിട്ടുണ്ട്. മന്ത്രി പി.എ. മുഹമ്മദ് റിയാസിനെതിരെ ബേപ്പൂർ മണ്ഡലത്തിൽ അൻവറിനെ ഇറക്കാനാണ് യുഡിഎഫിന്റെ നീക്കമെന്നാണ് സൂചന. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ ബേപ്പൂരിൽ എൽഡിഎഫ് വോട്ടുകളിലുണ്ടായ വിള്ളൽ അൻവറിന്റെ വിജയസാധ്യത വർദ്ധിപ്പിക്കുമെന്നാണ് മുന്നണിയുടെ കണക്കുകൂട്ടൽ. അൻവറിനെ സ്വാഗതം ചെയ്ത് ബേപ്പൂരിൽ ഇതിനകം തന്നെ ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
തദ്ദേശ തിരഞ്ഞെടുപ്പിലെ മികച്ച പ്രകടനത്തിന്റെ പശ്ചാത്തലത്തിൽ അധിക സീറ്റുകൾ വേണമെന്ന ആവശ്യത്തിൽ മുസ്ലിം ലീഗ് ഉറച്ചുനിൽക്കുകയാണ്. സീറ്റ് വെച്ചുമാറുന്നതിനെക്കുറിച്ചും ലീഗ് ആലോചിക്കുന്നുണ്ട്: കഴിഞ്ഞ തവണ പരാജയപ്പെട്ട ഗുരുവായൂർ, തിരുവമ്പാടി, കളമശ്ശേരി സീറ്റുകൾക്ക് പകരം വിജയസാധ്യതയുള്ള മറ്റ് സീറ്റുകൾ ലീഗ് ആവശ്യപ്പെട്ടേക്കും.
ജനുവരി അവസാനത്തോടെ ആദ്യഘട്ട സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാനാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്. മധുസൂദൻ മിസ്ത്രി അധ്യക്ഷനായ സ്ക്രീനിംഗ് കമ്മിറ്റി ഉടൻ കേരളം സന്ദർശിച്ച് പ്രാദേശിക സമിതികളുമായി ചർച്ച നടത്തും. തിരഞ്ഞെടുപ്പ് സർവ്വേകൾക്കും തന്ത്രങ്ങൾക്കുമായി സുനിൽ കനുഗോലുവിന്റെ സഹായം പാർട്ടിക്കുണ്ടാകുമെന്ന് കെ.സി. വേണുഗോപാൽ വ്യക്തമാക്കി.