കോട്ടയം: യു.ഡി.എഫിന് വ്യക്തമായ ഭൂരിപക്ഷമുള്ള എരുമേലി പഞ്ചായത്തിൽ ഭരണത്തലപ്പത്ത് എൽ.ഡി.എഫ്. അമ്പിളി സജീവനെ പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുത്തു. പട്ടികവർഗ സംവരണമായ പ്രസിഡന്റ് സ്ഥാനത്തേക്ക് യു.ഡി.എഫിന് അംഗങ്ങളില്ലാത്തതാണ് ഭരണമാറ്റത്തിന് വഴിതെളിച്ചത്.(UDF has majority in Erumeli, but LDF gets the administration)
24 അംഗങ്ങളുള്ള പഞ്ചായത്തിൽ 9 പേർ മാത്രമാണ് വോട്ടെടുപ്പിൽ പങ്കെടുത്തത്. 14 യു.ഡി.എഫ് അംഗങ്ങളും ഒരു സ്വതന്ത്രനും വിട്ടുനിന്നു. എൽ.ഡി.എഫ് സ്ഥാനാർത്ഥി അമ്പിളി സജീവന് ഏഴ് വോട്ടുകൾ ലഭിച്ചു. ബി.ജെ.പി സ്ഥാനാർത്ഥി കെ.കെ. രാജന് രണ്ട് വോട്ടും ലഭിച്ചു.
പഞ്ചായത്തിൽ 14 സീറ്റുകളുള്ള യു.ഡി.എഫ് ആണ് ഏറ്റവും വലിയ ഒറ്റകക്ഷി. എന്നാൽ ഇത്തവണ പ്രസിഡന്റ് സ്ഥാനം പട്ടികവർഗ സംവരണമായപ്പോൾ യു.ഡി.എഫിന് ആ വിഭാഗത്തിൽ ജയിച്ച അംഗങ്ങളില്ലാതെ പോയി. എൽ.ഡി.എഫിനും ബി.ജെ.പിക്കും ഓരോ പട്ടികവർഗ അംഗങ്ങളുണ്ട്.