

കൊച്ചി: മലയാള സിനിമയുടെ പശ്ചാത്തലത്തിൽ കഥ പറഞ്ഞ സൂപ്പർ ഹിറ്റ് ചിത്രം 'ഉദയനാണ് താരം' റിലീസ് ചെയ്ത് 20 വർഷം പിന്നിടുമ്പോൾ ബിഗ് സ്ക്രീനിൽ പുനർജനിക്കുന്നു. അത്യാധുനികമായ 4K ദൃശ്യ-ശ്രാവ്യ മികവോടെ 2026 ജനുവരി അവസാനത്തോടെ ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിനെത്തുമെന്ന് നിർമ്മാതാക്കൾ അറിയിച്ചു.
മോഹൻലാൽ അവതരിപ്പിച്ച ഉദയഭാനുവും ശ്രീനിവാസന്റെ സൂപ്പർ സ്റ്റാർ സരോജ് കുമാറും ഇന്നും പ്രേക്ഷകരുടെ പ്രിയപ്പെട്ടവരാണ്. ഇവരുടെ കോംബോ വീണ്ടും ബിഗ് സ്ക്രീനിൽ കാണാനുള്ള അവസരമാണിത്. ജഗതി ശ്രീകുമാർ (പച്ചാളം ഭാസി), സലീം കുമാർ, മുകേഷ്, മീന, ഭാവന തുടങ്ങിയ വൻ താരനിരയാണ് ചിത്രത്തിലുള്ളത്.
പ്രസാദ് ലാബ്സിന്റെ നേതൃത്വത്തിൽ 4K റീ-മാസ്റ്ററിംഗും രാജാകൃഷ്ണന്റെ മിക്‌സിംഗും പൂർത്തിയായ ചിത്രം മികച്ച സിനിമാ അനുഭവം വാഗ്ദാനം ചെയ്യുന്നു. ശ്രീനിവാസന്റെ തിരക്കഥയിൽ റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത ചിത്രത്തിന്റെ സംഗീതം ദീപക് ദേവും പശ്ചാത്തല സംഗീതം ഔസേപ്പച്ചനുമാണ് നിർവ്വഹിച്ചിരിക്കുന്നത്. എസ്. കുമാറാണ് ഛായാഗ്രഹണം. എ.കെ സുനിലിന്റെ നേതൃത്വത്തിലുള്ള ന്യൂ സൂര്യ ഫിലിംസ് ആണ് വിതരണം കൈകാര്യം ചെയ്യുന്നത്.
സിനിമയ്ക്കുള്ളിലെ സിനിമയെ പരിഹാസവും വൈകാരികതയും കലർത്തി അവതരിപ്പിച്ച ഈ ചിത്രം റീ-റിലീസിലും ബോക്സ് ഓഫീസിൽ തരംഗമാകുമെന്നാണ് സിനിമാ ലോകത്തിന്റെ പ്രതീക്ഷ.