തിരുവനന്തപുരം : മാതാവും രണ്ടാനച്ഛനും ചേർന്ന് പതിനാറുകാരനെ ഭീകരസംഘടനയായ ഐഎസ്ഐഎസിൽ ചേർക്കാൻ പ്രേരിപ്പിച്ച അമ്മയ്ക്കും രണ്ടാനച്ഛനുമെതിരെ യുഎപിഎ ചുമത്തി കേസ്.
ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ വെഞ്ഞാറമൂട് പൊലീസ് യുഎപിഎ ചുമത്തി കേസെടുത്തത്. തിരുവനന്തപുരം വെമ്പായം സ്വദേശിയായ യുവാവും പത്തനംതിട്ട സ്വദേശിയായ യുവതിയും വിവാഹിതരായിരുന്നു. യുവതി തന്റെ ആദ്യവിവാഹത്തിലെ മകനൊപ്പം വിദേശത്ത് ആയിരുന്നു. അവിടെവെച്ച് ഐഎസ്ഐസിന്റെ വിവിധ വിഡിയോകൾ കാണിച്ച് ഈ സംഘടനയിൽ ചേർന്ന് പ്രവർത്തിക്കണം എന്ന് നിർബന്ധിച്ചുവെന്നാണ് പരാതി. എന്നാൽ കുട്ടിയ്ക്ക് ഐഎസ്ഐഎസിൽ ചേരാൻ താൽപര്യമുണ്ടായിരുന്നില്ല.
കഴിഞ്ഞമാസം തിരികെ ദമ്പതികൾ നാട്ടിലെത്തി കുട്ടിയെ ആറ്റിങ്ങൽ സ്റ്റേഷൻ പരിധിയിലുള്ള മതപഠനശാലയിലാക്കി. കുട്ടിയുടെ പെരുമാറ്റത്തിലെ വ്യത്യാസം കണ്ട മതപഠന ശാല അധികൃതർ കുട്ടിയുടെ മാതാവിന്റെ വീട്ടിൽ വിവരമറിയിച്ചു. തുടർന്ന് കുട്ടിയുടെ മാതാവിന്റെ ബന്ധുക്കൾ പോലീസിനെ സമീപിച്ചതോടെയാണ് കേസ് എടുത്തത്.
പിന്നാലെ നടത്തിയ അന്വേഷണത്തിൽ കുട്ടിയെ ഐഎസിൽ ചേരാൻ പ്രേരിപ്പിച്ചതായി പോലീസിന് വ്യക്തമായി ആറ്റിങ്ങൽ ഡിവൈഎസ്പി യുടെ നേതൃത്തിലാണ് കേസ് അന്വേഷിക്കുന്നത്. സംസ്ഥാനത്ത് നിരോധിത സംഘടനകളുടെ സ്ലീപ്പർ സെല്ലുകൾ സജീവമാകുന്നതെന്ന് ഇൻറലിജൻസ് റിപ്പോർട്ടുകളുണ്ടായിരുന്നു. സംഭവത്തിൽ എൻഐഎ വിവരശേഖരണം ആരംഭിച്ചു.