
പാലക്കാട്: ജില്ലയിലെ കരിമ്പ ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡിൽ മരുതുംകാട് പഴയ സ്കൂളിന് സമീപം രണ്ട് യുവാക്കളെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. സംഭവം കൊലപാതകവും ആത്മഹത്യയുമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ചൊവ്വാഴ്ച വൈകീട്ട് മൂന്ന് മണിയോടെയാണ് സംഭവം. മരുതുംകാട് വീട്ടിൽ പരേതയായ തങ്കയുടെ മകൻ ബിനു (42), ബിനുവിന്റെ അയൽവാസിയും മരുതുംകാട് കളപ്പുരയ്ക്കൽ ഷൈലയുടെ മകനുമായ നിധിൻ (26) എന്നിവരാണ് മരിച്ചത്.
റബ്ബർ ടാപ്പിങ്ങിനെത്തിയ തൊഴിലാളികളാണ് സംഭവം ആദ്യം കണ്ടത്. റോഡരികിൽ ബിനുവിന്റെ മൃതദേഹമാണ് ഇവർ ആദ്യം കണ്ടത്. സമീപത്തായി ഒരു നാടൻ തോക്കും ഉണ്ടായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ, ബിനുവിന്റെ മൃതദേഹത്തിന് സമീപത്തെ വീടിനുള്ളിൽ നിധിന്റെ മൃതദേഹവും കണ്ടെത്തുകയായിരുന്നു.
പാലക്കാട് എസ്.പി.യുടെ പ്രസ്താവന പ്രകാരം, നിധിനെ വെടിവെച്ച ശേഷം ബിനു സ്വയം വെടിയുതിർക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. മരിച്ച രണ്ടുപേരുടെയും ശരീരത്തിൽ വെടിയേറ്റതിന്റെ പാടുകളുണ്ട്.സംഭവത്തെ തുടർന്ന് പോലീസ് സ്ഥലത്ത് കൂടുതൽ പരിശോധനകൾ നടത്തി. ഇരുവർക്കുമിടയിൽ എന്തെങ്കിലും പ്രശ്നങ്ങളുണ്ടായിരുന്നോ, കൊലപാതകത്തിലേക്ക് നയിച്ച പ്രകോപനം എന്താണ് തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.