കോട്ടയം : മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു. കാഞ്ഞിരമറ്റം കണ്ടത്തിൻകരയിൽ ജിസ് സാബു, കൊണ്ടൂർ ചെമ്മലമറ്റം വെട്ടിക്കൽ ബിബിൻ ബാബു (30) എന്നിവരാണ് മരണപ്പെട്ടത്.ഇരുവരും പാലാ ചോളമണ്ഡലം ഫിനാൻസിലെ ജീവനക്കാരാണ്.
പാലാ മുരിക്കുംപുഴ തൈങ്ങന്നൂർ കടവിൽ ശനി പകൽ മൂന്നിനാണ് അപകടം ഉണ്ടായത്.സ്ഥാപനത്തിലെ ജീവനക്കാരായ അഞ്ചംഗ സംഘമാണ് കാറിൽ എത്തിയത്. മദ്യലഹരിയിലായിരുന്നു യുവാക്കൾ. സംഘത്തിലെ രണ്ട് പേർ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടത്തിൽപ്പെട്ടത്.
മുങ്ങിത്താഴ്ന്ന യുവാക്കളിലൊരാളെ കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളിലൊരാൾ രക്ഷപെടുത്താൻ ശ്രമിച്ചെങ്കിലും കൈ വഴുതി ആറ്റിലേയ്ക്ക് വീഴുകയായിരുന്നു. പാലാ ഫയർഫോഴ്സും പൊലീസും സ്ഥലത്തെത്തി യുവാക്കളെ കരയ്ക്കെത്തിച്ചത്. കൃത്രിമശ്വാസോച്ഛ്വാസം നൽകിയെങ്കിലും ഇരുവരും മരിച്ചു. മൃതദേഹങ്ങൾ പാലാ ജനറൽ ആശുപത്രിയിൽ വെച്ചിരിക്കുന്നു.