വയനാട്: സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ മര്‍ദിച്ച കേസിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ. അസി. സര്ജന് ഡോ. ജിതിന്‍രാജിനെ ഡ്യൂട്ടിക്കിടെ മര്‍ദിച്ച സംഭവത്തില്‍ പുല്‍പ്പള്ളി ആനപ്പാറ തയ്യില്‍ അമല്‍ ചാക്കോ (30), പെരിക്കല്ലൂര്‍ പാലത്തുപറമ്പ് മംഗലത്ത് പി.ആര്. രാജീവ് (31) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തത്.
ഇക്കഴിഞ്ഞ പത്താം തിയതിയായിരുന്നു സംഭവം നടന്നത്. ഡ്യൂട്ടിക്കിടെ പ്രതികള്‍ സഹപ്രവര്‍ത്തകയായ ഡോക്ടറോട് കയര്‍ത്ത് സംസാരിച്ചത് ഡോ. ജിതിന്‍രാജ് ചോദ്യം ചെയ്ത വിരോധത്തിലായിരുന്നു അക്രമം.
ഡ്യൂട്ടി കഴിഞ്ഞ് ആശുപത്രിയുടെ പുറത്തേക്ക് വരികയായിരുന്ന ഡോക്ടറെ ഇവര്‍ അസഭ്യം പറയുകയും കഴുത്തിനു കുത്തിപിടിച്ചും നെഞ്ചില്‍ കൈകൊണ്ട് ഇടിച്ചും കാല് കൊണ്ട് ചവിട്ടിയും കൈ വിരല്‍ പിടിച്ച് തിരിച്ചു പരിക്കേല്‍പ്പിക്കുകയായിരുന്നു. സംഭവത്തില്‍ ഡോക്ടറുടെ ഇടതു കൈയുടെ ചെറുവിരലിന് പൊട്ടലുണ്ടായി.
ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരെയുള്ള അതിക്രമം തടയല്‍ നിയമപ്രകാരവും സംഘം ചേര്‍ന്ന് ആക്രമിച്ചതിന് ബിഎന്‍എസ് നിയമപ്രകാരവുമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പിടിയിലായ രണ്ടുപേരും നിരവധി കേസുകളില്‍ പ്രതികളാണ്.