
ബിഗ് ബോസിൽ വീക്കെൻഡ് എപ്പിസോഡിൽ ഇത്തവണ പുറത്തായത് രണ്ടുപേർ. മികച്ച ഗെയിമർമാരായ അഭിലാഷും ജിഷിനുമാണ് ഹൗസിൽ നിന്ന് പുറത്തായത്. വ്യാഴാഴ്ചത്തെ എപ്പിസോഡിൽ എവിക്ഷൻ നടന്നിരുന്നില്ല. അതുകൊണ്ട് തന്നെ രണ്ട് എവിക്ഷനുകളാണ് വെള്ളിയാഴ്ചയിലെ എപ്പിസോഡിൽ ഉണ്ടായത്.
ജിഷിൻ ആണ് ആദ്യം പുറത്തായത്. നോമിനേഷനിലുള്ള ഓരോരുത്തരോടായി മോഹൻലാൽ ഇരിക്കാൻ ആവശ്യപ്പെട്ടപ്പോൾ ബിന്നിയും ജിഷിനുമാണ് അവസാനം അവശേഷിച്ചത്. സ്പൈക്കുട്ടൻ ഒരു കാർഡ് കൊണ്ടുവരികയും കാർഡ് ആരെങ്കിലും എടുക്കാൻ മോഹൻലാൽ ആവശ്യപ്പെടുകയും ചെയ്തു. ജിഷിനോ ബിന്നിയ്ക്കോ ഈ കാർഡ് കൊടുക്കണമെന്ന് മോഹൻലാൽ ആവശ്യപ്പെട്ടപ്പോൾ നെവിൻ ജിഷിന് കാർഡ് നൽകി. കാർഡിൽ ജിഷിൻ എവിക്ട് ആയെന്നാണ് രേഖപ്പെടുത്തിയിരുന്നത്.
എല്ലാവരോടും യാത്ര പറഞ്ഞ ജിഷിൻ ഹൗസ്മേറ്റ്സിന് ചോക്കളേറ്റ് നൽകി. യാത്ര പറയുന്നതിനിടെ വികാരാധീനനായ ജിഷിൻ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ മാപ്പ് നൽകണമെന്ന് അഭ്യർത്ഥിച്ചു. വീട്ടിൽ നിന്ന് പുറത്തിറങ്ങി, വേദിയിൽ മോഹൻലാലിൻ്റെ അടുത്ത് നിൽക്കുമ്പോൾ ഹൗസിലെ ജീവിതം കാണിച്ചപ്പോഴും ജിഷിൻ കരഞ്ഞു.
പിന്നീട് നോമിനേഷനിലുണ്ടായിരുന്ന ആദില, അക്ബർ, അഭിലാഷ്, സാബുമാൻ, ജിസേൽ എന്നിവരിൽ നിന്ന് ഗെയിം കളിച്ചാണ് രണ്ടാമത്തെയാളെ തിരഞ്ഞെടുത്തത്. നിരനിരയായി വച്ച ബോക്സുകൾക്ക് മുകളിൽ ചാടുകയെന്നതായിരുന്നു ഗെയിം. ബോക്സ് പൊട്ടിയാൽ വീട്ടിൽ തുടരാം. ആദ്യം ജിസേൽ ആണ് സേവ് ആയത്. അടുത്ത ഘട്ടത്തിൽ അക്ബറും ആദിലയും സേവായി. സാബുമാനും അഭിലാഷുമാണ് അവസാനം അവശേഷിച്ചത്. ഇതിൽ സാബുമാൻ സേവ് ആവുകയും അഭിലാഷ് പുറത്തുപോവുകയുമായിരുന്നു.
ജിഷിനെപ്പോലെ അഭിലാഷും വളരെ വികാരാധീനനായാണ് വീട്ടിൽ നിന്ന് പുറത്തുപോയത്. ‘ഇത്രയും നാൾ കണ്ടയാളല്ല, ഇതാണ് താൻ’ എന്ന് അഭിലാഷ് ഹൗസ്മേറ്റ്സിനോട് പറയുകയും ചെയ്തു. സീസൺ 7ലെ ശക്തരായ മത്സരാർത്ഥികളിൽ ഒരാളാണ് പോകുന്നതെന്ന് അക്ബർ പറഞ്ഞു.