പാലക്കാട്: കുപ്പിയിൽ പെട്രോൾ നൽകാൻ വിസമ്മതിച്ചതിനെത്തുടർന്ന് പാലക്കാട് വാണിയംകുളത്ത് പെട്രോൾ പമ്പ് തീയിടാൻ ശ്രമിച്ച രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. വാണിയംകുളം സ്വദേശികളായ പ്രശാന്ത്, രവീന്ദ്രൻ എന്നിവരാണ് പിടിയിലായത്. മൂന്നംഗ സംഘമാണ് ആക്രമണത്തിന് പിന്നിലുണ്ടായിരുന്നത്.(Two men arrested for trying to set fire to a Petrol pump in Palakkad)
തിങ്കളാഴ്ച രാത്രി 11 മണിയോടെയാണ് ഓട്ടോറിക്ഷയിൽ മൂന്നംഗ സംഘം വാണിയംകുളത്തെ കെ.എം. പെട്രോൾ പമ്പിലെത്തിയത്. പ്ലാസ്റ്റിക് കുപ്പിയിൽ പെട്രോൾ വേണമെന്ന് സംഘം ആവശ്യപ്പെട്ടു. എന്നാൽ നിയമപ്രകാരം കുപ്പിയിൽ പെട്രോൾ നൽകാൻ കഴിയില്ലെന്ന് ജീവനക്കാർ അറിയിച്ചു. ഇതോടെ സംഘം ജീവനക്കാരെ അസഭ്യം പറയുകയും തർക്കമുണ്ടാക്കുകയും ചെയ്തു.
തുടർന്ന് ഓട്ടോറിക്ഷയിൽ കരുതിയിരുന്ന പ്ലാസ്റ്റിക് കന്നാസുകളിൽ സംഘം പെട്രോൾ വാങ്ങി. ഇതിനുശേഷമുള്ള ദേഷ്യത്തിൽ കന്നാസിലെ പെട്രോൾ പമ്പ് പരിസരത്ത് ഒഴിക്കുകയും തീ കൊളുത്താൻ ശ്രമിക്കുകയുമായിരുന്നു.
പമ്പിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്. വൻ ദുരന്തമുണ്ടാക്കാവുന്ന തരത്തിലുള്ള ആക്രമണത്തിനാണ് സംഘം മുതിർന്നതെന്ന് പോലീസ് വ്യക്തമാക്കി. അറസ്റ്റിലായ രണ്ടുപേർക്ക് പുറമെ സംഘത്തിലുണ്ടായിരുന്ന മൂന്നാമനായി പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.