
താമരശ്ശേരി: മദ്യലഹരിയില്‍ ഓടിച്ച ലോറി ഇടിച്ച് രണ്ടു പേർക്ക് പരിക്ക്. താമരശ്ശേരിക്ക് സമീപം ചാലക്കരയിലാണ് അപകടം നടന്നത്. ബാലുശ്ശേരി ഭാഗത്ത് നിന്ന് അമിതവേഗത്തിലെത്തിയ മിനിലോറി നടന്നുവരികയായിരുന്ന വിദ്യാര്‍ഥിനിയെയും ബൈക്ക് യാത്രികനെയുമാണ് ഇടിച്ച് തെറിപ്പിച്ചത്.
പരിക്കേറ്റ തച്ചംപൊയില്‍ അവേലം തിയ്യരുതൊടിക മുഹമ്മദ് റാഫി (42) , ചാലക്കര സ്വദേശി റിസ കദീജ (14) എന്നിവരെ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. റിസ കദീജയെ വിദഗ്ധ പരിശോധനയ്ക്കായി ഓമശ്ശേരി ശാന്തി ആശുപത്രിയിലേക്ക് മാറ്റി.
മദ്യലഹരിയിലായിരുന്ന മിനിലോറി ഡ്രൈവര്‍ ബാലുശ്ശേരി സ്വദേശി പ്രശാന്തിനെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു.