
ബിഗ് ബോസ് സീസൺ ഏഴ് ആരംഭിച്ച് ഏഴ് ആഴ്ചയിലെത്തുമ്പോൾ കൂടുതൽ ആവേശകരവും സംഘര്‍ഷഭരിതമാവുകയാണ് വീട്. പ്രേക്ഷകരെ ഞെട്ടിച്ചുകൊണ്ടാണ് ഓരോ തവണയും പുതിയ ടാസ്ക്കുകളുമായി ബിഗ് ബോസ് എത്തുന്നത്. ഇപ്പോൾ വീട്ടിലേക്ക് പുതിയ രണ്ട് അതിഥികൾ കൂടി എത്തിയിരിക്കുകയാണ്. മുൻ മത്സരാർത്ഥികളായ ശോഭയും ഷിയാസുമാണ് അതിഥികളായി എത്തുന്നത്. അതിന്റെ പ്രമോ വീഡിയോ അടക്കമുള്ളവ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.
ഇന്ന് ആരംഭിക്കുന്ന വീക്കിലി ടാസ്ക് ആയ ഹോട്ടല്‍ ടാസ്കിലേക്കാണ് അതിഥികളായി പങ്കെടുക്കാൻ ഇവരെ ബിഗ് ബോസ് എത്തിച്ചിട്ടുള്ളത്. പഴയ സീസണുകളിലെ മാതൃകയില്‍ ബിഗ് ബോസ് മലയാളത്തിലെ രണ്ട് മുന്‍ മത്സരാര്‍ഥികളെയാണ് ബിഗ് ബോസ് ഈ ഡ്യൂട്ടിക്കായി നിയോഗിച്ചിരിക്കുന്നത്. ബിഗ് ബോസ് ആദ്യ സീസണിലെ മത്സരാര്‍ഥി ആയിരുന്നു ഷിയാസ് കരിം. സീസൺ അഞ്ചിലെ മത്സരാര്‍ഥി ആയിരുന്നു ശോഭ വിശ്വനാഥ്.
ഹോട്ടല്‍ ടാസ്കില്‍ അതിഥികളായി എത്തുന്നവരെ സന്തോഷിപ്പിക്കുകയാണ് ഹോട്ടല്‍ നടത്തിപ്പുകാരായ നിലവിലെ മത്സരാര്‍ഥികളുടെ ടാസ്ക്. ഹോട്ടലിന്‍റെ പ്രവര്‍ത്തനത്തിലും ജീവനക്കാരുടെ സേവനങ്ങളിലും തൃപ്തരായി അതിഥികള്‍ നല്‍കുന്ന കോയിനുകളിലും പാരിതോഷികങ്ങളിലുമാവും മത്സരാര്‍ഥികളുടെ കണ്ണ്.
ഹോട്ടലിലേക്ക് ഇവരെത്തുന്നതോടെ കളി മാറുമെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. മത്സരാർത്ഥികൾക്ക് ഏഴിന്റെ പണിയുമായാണ് ഇവരെത്തുന്നതെന്നും പ്രേക്ഷകർ പറയുന്നു. അതേസമയം, നാളെ കൂടുതൽ അതിഥികൾ എത്താൻ സാധ്യത ഉണ്ടെന്നും വിവരമുണ്ട്.