കോഴിക്കോട് : കോഴിക്കോട്ട് ലഹരി വസ്തുക്കളുമായി രണ്ട് പേർ അറസ്റ്റിൽ. ലക്ഷദ്വീപ് സ്വദേശിയുൾപ്പെടെ രണ്ടുപേരിൽ നിന്ന് 20 ഗ്രാം എംഡിഎംഎയും ഒരു കിലോ ഹഷീഷ് ഓയിലും ഉദ്യോഗസ്ഥർ കണ്ടെടുത്തു.
പൂവാട്ടുപറമ്പ് ആനക്കുഴിക്കര അയ്യപ്പൻചോല എൻ.പി ഷാജഹാൻ (40) ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് റാസി (23) എന്നിവരെയാണ് ഡാൻസാഫ് സംഘവും നടക്കാവ് പൊലീസും ചേർന്ന് പിടികൂടിയത്.
പിടിയിലായ ഷാജഹാൻ മുൻപും സമാനമായ കേസുകളിൽ പ്രതിയാണ്. ഒഡീഷയിൽ നിന്നും 120 കിലോ കഞ്ചാവ് കടത്താൻ ശ്രമം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ് ഇയാൾ. പിടിയിലായ മുഹമ്മദ് റാസി നിരവധി വ്യാപാര സ്ഥാപനങ്ങൾ കുത്തിത്തുറന്ന് കവർച്ച നടത്തിയ കേസുകളിൽ പ്രതിയാണ്. പിടിച്ചെടുത്ത എംഡിഎംഎ, ഹഷീഷ് ഓയിൽ എന്നിവയ്ക്ക് ചില്ലറ വിപണിയിൽ 5 ലക്ഷത്തോളം രൂപ വില വരും.
കോഴിക്കോടു നിന്നും ഷാജഹാൻ ബെംഗളൂരുവിലെത്തിയാണ് എംഡിഎംഎ വാങ്ങിയിരുന്നത്. ഒഡീഷയിൽ നിന്ന് ഹഷീഷ് ഓയിലും സംഘടിപ്പിച്ച ശേഷം തിരിച്ച് ട്രെയിൻ മാർഗം കോഴിക്കോടെത്തിയപ്പോഴാണ് പൊലീസ് പിടികൂടിയത്. ഇത്തരത്തിൽ സമ്പാദിക്കുന്ന പണം ആർഭാടജീവിതത്തിന് ഉപയോഗിച്ചിരുന്നുവെന്ന് പോലീസ് കണ്ടെത്തി.