തിരുവനന്തപുരം : വീട്ടമ്മയുടെ മാല പൊട്ടിക്കാൻ ശ്രമിച്ച രണ്ടുപേർ അറസ്റ്റിൽ. അരുവിക്കര സ്വദേശികളായ നൗഷാദ് (31), അൽ അസർ (35) എന്നിവരാണ് അറസ്റ്റിലായത്. കൊക്കോതമംഗലത്ത് ശനി വൈകിട്ടാണ് സംഭവം നടന്നത്.
മുണ്ടേല സ്വദേശി സുലോചനയുടെ മാലയാണ് പൊട്ടിക്കാൻ ശ്രമിച്ചത്. വീട്ടിലേക്ക് പോകാൻ നെടുമങ്ങാട് നിൽക്കുകയായിരുന്ന സുലോചനയെ ഓട്ടോയിൽ കയറ്റിയാണ് കവർച്ചയ്ക്ക് ശ്രമിച്ചത്.
ഓട്ടോ മുണ്ടേലയിലേക്ക് പോകുന്നെന്നു പറഞ്ഞാണ് ഇവരെ കയറ്റിയത്. കൊക്കോതമംഗലത്ത് എത്തിയപ്പോൾ പ്രതികൾ സുലോചനയുടെ മുഖത്ത് കുരുമുളക് സ്പ്രേ അടിച്ച് മാല പൊട്ടിക്കാൻ ശ്രമിച്ചു. ഇവർ നിലവിളിച്ച് പുറത്തിറങ്ങിയോടിയതോടെ നാട്ടുകാർ നൗഷാദിനെ പിടികൂടി. ഓട്ടോ ഡ്രൈവറായിരുന്ന അൽ അസറിനെ പൊലീസാണ് പിടിച്ചത്.