ടിവിഎസ് അപ്പാച്ചെ ആര്‍ടിഎക്‌സിന് 2026 ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം

ടിവിഎസ് അപ്പാച്ചെ ആര്‍ടിഎക്‌സിന് 2026 ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം

Published on

കൊച്ചി: ടിവിഎസ് മോട്ടോര്‍ കമ്പനിയുടെ പുത്തന്‍ അഡ്വഞ്ചര്‍ റാലി ടൂറര്‍ മോഡലായ ടിവിഎസ് അപ്പാച്ചെ ആര്‍ടിഎക്‌സ് രാജ്യത്തെ ഏറ്റവും അഭിമാനകരമായ 2026 ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം സ്വന്തമാക്കി. പ്രമുഖ ഓട്ടോമൊബൈല്‍ ജേർണലിസ്റ്റുകള്‍ അടങ്ങുന്ന 27 അംഗ ജൂറിയാണ് പുരസ്‌കാര വിജയിയെ തിരഞ്ഞെടുത്തത്. വിവിധ വിഭാഗങ്ങളിലായി നാമനിര്‍ദേശം ചെയ്യപ്പെട്ട ഏഴ് മികച്ച മോട്ടോര്‍സൈക്കിളുകളെ പിന്തള്ളിയാണ് അപ്പാച്ചെ ആര്‍ടിഎക്‌സ് ഈ നേട്ടം കൈവരിച്ചത്. നവീകരണം, പ്രകടനം, ഉപഭോക്തൃ കേന്ദ്രീകൃതമായ എഞ്ചിനീയറിങ് എന്നിവയില്‍ ടിവിഎസ് മോട്ടോര്‍ കമ്പനിക്കുള്ള നേതൃപാടവത്തെ കൂടി ഈ പുരസ്‌കാരം അടിവരയിടുന്നു.

ടിവിഎസിന്റെ 40 വര്‍ഷത്തെ റേസിങ് പാരമ്പര്യവും 35 വര്‍ഷത്തെ റാലി അനുഭവവും ഉള്‍ക്കൊള്ളിച്ച് ആര്‍ടിഎക്‌സ്ഡി4 പ്ലാറ്റ് ഫോമിലാണ് ടിവിഎസ് അപ്പാച്ചെ ആര്‍ടിഎക്‌സ് നിര്‍മിച്ചിരിക്കുന്നത്. 299.1 സിസി ലിക്വിഡ് കൂള്‍ഡ് എഞ്ചിനാണ് കരുത്ത്. ഇത് 36 പിഎസ് പവറും 28.5 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കും. 5 ഇഞ്ച് ടിഎഫ്ടി ഡിസ്പ്ലേ, ക്രൂയിസ് കണ്‍ട്രോള്‍, ക്വിക്ക് ഷിഫ്റ്റര്‍, വിവിധ റൈഡിങ് മോഡുകള്‍ എന്നിവ പ്രത്യേകതകളാണ്. ഓഫ്-റോഡ് യാത്രകള്‍ക്കും ഹൈവേ യാത്രകള്‍ക്കും ഒരുപോലെ അനുയോജ്യമായ ടിവിഎസ് അപ്പാച്ചെ ആര്‍ടിഎക്‌സ് 2025 ഒക്ടോബറിലാണ് വിപണിയില്‍ അവതരിപ്പിച്ചത്. ടിവിഎസ് അപ്പാച്ചെ ബ്രാന്‍ഡ് അതിന്റെ 20ാം വാര്‍ഷികം ആഘോഷിക്കുന്ന വേളയിലാണ് ഈ നേട്ടം എന്നതും ശ്രദ്ധേയമാണ്.

2026-ലെ ജെകെ ടയര്‍ ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം ലഭിച്ചത് വലിയൊരു അംഗീകാരമാണെന്നും, ലോകോത്തര മോട്ടോര്‍സൈക്കിളുകള്‍ ഇന്ത്യയില്‍ നിര്‍മിക്കാമെന്നും അവ ആഗോളതലത്തില്‍ മികച്ചവയോട് മത്സരിക്കാന്‍ പ്രാപ്തമാണെന്നുമുള്ള ഞങ്ങളുടെ വിശ്വാസത്തെ ഇത് ദൃഢമാക്കുന്നുവെന്നും ടിവിഎസ് മോട്ടോര്‍ കമ്പനി പ്രീമിയം ബിസിനസ് ഹെഡ് വിമല്‍ സംബ്ലി പറഞ്ഞു.

Times Kerala
timeskerala.com