
ശ്വാസംമുട്ട്, നെഞ്ചുവേദന എന്നീ ലക്ഷണങ്ങളുമായാണ് എറണാകുളം സ്വദേശിയായ പത്തൊമ്പതുകാരൻ ആശുപത്രിയിലെത്തിയത്. അന്ന് കൊറോണാകാലമായിരുന്നു. സ്വാഭാവിക പരിശോധനകളുടെ കൂട്ടത്തിൽ നെഞ്ചിന്റെ എക്സ്റേ എടുത്തു. അതിൽ ഹൃദയത്തിൽ അസ്വാഭാവികമായ മുഴകൾ ഉള്ളതായി ഡോക്ടർമാരുടെ ശ്രദ്ധയിൽപ്പെട്ടു. കൂടുതൽ പരിശോധനകൾ നടത്തിയപ്പോൾ ആ മുഴകൾ സർക്കോമ വിഭാഗത്തിൽപ്പെട്ട ക്യാൻസർ മുഴകളാണെന്ന് തിരിച്ചറിഞ്ഞു. സാധാരണഗതിയിൽ ശ്വാസകോശത്തിലും മറ്റും പ്രത്യക്ഷപ്പെടുന്ന കാൻസർ മുഴകൾ ഹൃദയത്തിലേക്കും മറ്റ് അവയവങ്ങളിലേക്കും വ്യാപിക്കുന്നത് ഡോക്ടർമാർ സ്ഥിരമായി നേരിടുന്ന വെല്ലുവിളിയാണ്. എന്നാൽ ഹൃദയപേശികളിൽ തന്നെ കാൻസർ മുഴകൾ രൂപമെടുക്കുന്നത് അത്യപൂർവ സംഭവമായിരുന്നു. അന്നാ കൗമാരക്കാരൻ കോളേജിൽ പഠിക്കുന്ന കാലമായിരുന്നു. ശസ്ത്രക്രിയ നടത്തി മുഴകൾ നീക്കം ചെയ്ത ശേഷം അവൻ സാധാരണ ജീവിതത്തിലേക്ക് മടങ്ങി. ഒരു വർഷത്തിന് ശേഷം ഹൃദയത്തിൽ വീണ്ടും ക്യാൻസർ മുഴകൾ രൂപപ്പെട്ടു. ഹൃദയത്തിലെ ക്യാൻസറിന് കീമോതെറാപ്പി പോലെയുള്ള മാർഗങ്ങൾ ഫലം ചെയ്യാറില്ല. അതുകൊണ്ട് വീണ്ടും രോഗിയെ ശസ്ത്രക്രിയക്ക് വിധേയനാക്കി. ഒപ്പം കീമോതെറാപ്പിയും നൽകി. രോഗം ഭേദമായതോടെ അവൻ ആശുപത്രി വിട്ടു. എന്നാൽ ആ മുഴകൾ വീണ്ടും വരുമെന്ന് ഏറെക്കുറെ ഉറപ്പായിരുന്നു. ഒരു വർഷം കഴിഞ്ഞപ്പോൾ പ്രതീക്ഷിച്ചിരുന്നപോലെ അത് സംഭവിക്കുകയും ചെയ്തു. അപ്പോഴേക്കും കാര്യങ്ങൾ നിയന്ത്രിക്കാൻ കഴിയാത്ത തലത്തിലേക്ക് എത്തിയിരുന്നു. ശസ്ത്രക്രിയ പ്രയോഗികമല്ലായിരുന്നു. മറ്റ് സപ്പോർട്ടീവ് കെയറിന്റെ സഹായത്തോടെ ഏതാനും നാളുകൾ ക്യാൻസറിനോട് മല്ലിട്ട ശേഷം ആ രോഗി ഈ ലോകത്തോട് വിടപറഞ്ഞു.
രോഗം പിടിപെട്ട് വെറും മൂന്ന് വർഷക്കാലമാണ് അവന് ആയുസുണ്ടായിരുന്നത്. അപൂർവമാണെങ്കിലും അത്രമേൽ ഗുരുതരമാണ് ഹൃദയത്തിലെ ക്യാൻസർ. രോഗിയുടെ ഫാമിലി ഹിസ്റ്ററി പരിശോധിച്ചപ്പോൾ അയാളുടെ അച്ഛൻ ക്യാൻസർ വന്നാണ് മരിച്ചതെന്ന് വ്യക്തമായി. നാല്പതുകളിൽ തന്നെ അദ്ദേഹത്തിന് അസ്ഥിമജ്ജയിൽ ക്യാൻസർ പിടിപെടുകയായിരുന്നു. പുകവലി, മദ്യപാനം പോലുള്ള യാതൊരു ദുശീലങ്ങളോ ജീവിതശൈലി രോഗങ്ങളോ മറ്റ് അപകടസാധ്യതകളോ മകനുണ്ടായിരുന്നില്ല. എന്നിട്ടും മൂന്ന് വർഷത്തേക്ക് ആയുസ് നീട്ടിയെടുക്കുകയല്ലാതെ രോഗം ഭേദമാക്കാൻ കഴിഞ്ഞില്ലെന്ന് ഒരു ഞെട്ടലോടെ ഓർക്കുകയാണ് ഡോ. അരുൺ വാരിയർ. സ്വന്തം അനുഭവങ്ങളുടെ വെളിച്ചത്തിലൂടെ ഹൃദയത്തിലെ ക്യാൻസറിനെ കുറിച്ചുള്ള വിവരങ്ങൾ പങ്കുവെയ്ക്കുകയാണ് കൊച്ചി ആസ്റ്റർ മെഡ്സിറ്റിയിലെ സീനിയർ മെഡിക്കൽ ഓൺകോളജിസ്റ്റ് ആയ ഡോ. അരുൺ വാരിയർ.
അപൂർവ്വമെങ്കിലും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ
ഹൃദയസംബന്ധമായ പ്രശ്നങ്ങളെക്കുറിച്ച് പറയുമ്പോൾ സാധാരണയായി നമ്മുടെ മനസ്സിലേക്ക് വരുന്നത് ഹൃദയാഘാതം, ഉയർന്ന രക്തസമ്മർദ്ദം, രക്തധമനികളിലെ തടസ്സങ്ങൾ എന്നിവയൊക്കെയാണ്. എന്നാൽ, ഹൃദയത്തിലും മുഴകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് വളരെ കുറച്ച് ആളുകൾക്ക് മാത്രമേ അറിയൂ. ഹൃദയത്തിൽത്തന്നെ രൂപപ്പെടുന്ന പ്രാഥമിക മുഴകൾ വളരെ അപൂർവ്വമാണ്. ശരീരത്തിലെ മറ്റ് ഭാഗങ്ങളിലുള്ള അർബുദം (ഉദാഹരണത്തിന് ശ്വാസകോശം, സ്തനം എന്നിവിടങ്ങളിലെ മുഴകൾ) ഹൃദയത്തിലേക്ക് വ്യാപിക്കുന്നത് കണ്ടുവരാറുള്ളതാണ്. വർഷത്തിൽ ഒരു രോഗിക്ക് എങ്കിലും ഇത്തരത്തിൽ പ്രശ്നമുണ്ടാകാറുണ്ടെന്ന് ഡോ. അരുൺ പറയുന്നു. അപൂർവങ്ങളിൽ അപൂർവ്വമായത് കൊണ്ടുതന്നെ, ഹൃദയത്തിൽ മുഴകൾ ഉണ്ടാകാം എന്ന് അധികമാരും ചിന്തിക്കാറുമില്ല. മിക്ക കേസുകളിലും രോഗലക്ഷണങ്ങൾ മറ്റ് ഹൃദയപ്രശ്നങ്ങളായി തെറ്റിദ്ധരിക്കപ്പെടുകയാണ് ചെയ്യാറുള്ളത്. അതുകൊണ്ടാണ് ഈ അവസ്ഥയെക്കുറിച്ച് അവബോധം ഉണ്ടാകേണ്ടത് അത്യാവശ്യമായി മാറുന്നത്. ആധുനിക ഇമേജിംഗ് ടെസ്റ്റുകൾ രോഗനിർണയം ഇപ്പോൾ കുറച്ചുകൂടി എളുപ്പമാക്കിയിട്ടുണ്ട്.
ഹൃദയത്തിലെ മുഴകൾ പുറമെ കാണിക്കുന്ന ലക്ഷണങ്ങൾ അവയുടെ വലുപ്പം, സ്ഥാനം, രക്തയോട്ടത്തെയോ ഹൃദയത്തിൻ്റെ പ്രവർത്തനത്തെയോ തടസ്സപ്പെടുത്തുന്നുണ്ടോ എന്നതിനെയൊക്കെ ആശ്രയിച്ചിരിക്കും. മറ്റ് പല ഹൃദയരോഗങ്ങളെയും ഇവ അനുകരിക്കാം. സാധാരണയായി കണ്ടുവരുന്ന ചില ലക്ഷണങ്ങൾ ഇവയാണ്:
-ശ്വാസംമുട്ടൽ, പ്രത്യേകിച്ച് കിടക്കുമ്പോൾ.
-നെഞ്ചിടിപ്പ് (ഹൃദയം വല്ലാതെ മിടിക്കുന്നതായോ താളം തെറ്റുന്നതായോ തോന്നുക).
-നെഞ്ചുവേദന.
-തലകറങ്ങി വീഴുകയോ തലകറങ്ങുന്നതായോ തോന്നുക.
-രക്തയോട്ടം തകരാറിലായതുകൊണ്ട് കാലുകളിലും വയറിലും നീര് വരുക.
-ചിലപ്പോൾ കാരണമില്ലാത്ത പനിയും ശരീരഭാരം കുറയലും.
മുഴകളെ തടയാൻ സാധിക്കുമോ?
ഹൃദയത്തിലെ മുഴകൾ തടയാൻ നിലവിൽ ഒരു മാർഗ്ഗവുമില്ല, കാരണം മിക്കവാറും കേസുകളിൽ അറിയപ്പെടുന്ന അപകടസാധ്യത ഘടകങ്ങളൊന്നും ഇല്ലാതെയാണ് ഇവ ഉണ്ടാകുന്നത്. 'അറിവും കൃത്യസമയത്തുള്ള രോഗനിർണയവുമാണ്' ഇവിടെ പ്രധാനം.
എന്നാൽ എല്ലാ മുഴകളും അർബുദമാകണമെന്നുമില്ല. മിക്സോമ, ലിപ്പോമ, ഫൈബ്രോമ എന്നിങ്ങനെ അർബുദ്ധമല്ലാത്ത മുഴകളും ഹൃദയത്തിൽ കണ്ടുവരാറുണ്ട്. ഹൃദയത്തിൽ മുഴകളുള്ള രോഗികളിൽ 75% കേസുകളും ഇത്തരത്തിലുള്ളവയാണ്. മിക്സോമയുടെ ഒരു പ്രധാന ലക്ഷണം, മുഴയുടെ ഒരു ഭാഗം അടർന്നുമാറി രക്തക്കുഴലുകളെ തടസ്സപ്പെടുത്തുന്നതുകൊണ്ട് ഉണ്ടാകുന്ന പെട്ടെന്നുള്ള ബോധക്ഷയമോ സ്ട്രോക്ക് പോലുള്ള ലക്ഷണങ്ങളോ ആണ്. ഇവ ശസ്ത്രക്രിയയിലൂടെ പൂർണമായും നീക്കം ചെയ്യാനും സുഖംപ്രാപിക്കാനും കഴിയും.
അടുത്തിടെ കോട്ടയം സ്വദേശിനിയായ ഒരു അദ്ധ്യാപിക (45) ഹൃദയത്തിന് ചുറ്റും വെള്ളക്കെട്ടുമായി ആശുപത്രിയിൽ എത്തിയിരുന്നു. അവർക്ക് നേരത്തെ രക്താർബുദം സ്ഥിരീകരിച്ചിരുന്നതാണ്. തുടർന്ന് നടത്തിയ പരിശോധനയിൽ ഹൃദയത്തിന് ചുറ്റുമുള്ള ഈ വെള്ളക്കെട്ടിന് (പെരിക്കാർഡിയൽ എഫ്യുഷൻ) കാരണം ശ്വാസകോശത്തിലെ അർബുദമാണ് എന്ന് മനസ്സിലായി. ഇ.ജി.എഫ്.ആർ എന്ന മ്യൂട്ടേഷൻ കാരണമാണ് ഇത് സംഭവിച്ചതെന്ന് രക്തപരിശോധനയിൽ തെളിഞ്ഞു. തുടർന്ന് കീമോതെറാപ്പി ആരംഭിക്കുകയും ഇ.ജി.എഫ്.ആർ മ്യൂട്ടേഷൻ തടയുന്നതിനുള്ള മരുന്നുകൾ നൽകുകയും ചെയ്തു. അതോടെ ഹൃദയത്തെ ബാധിച്ചിരുന്ന പ്രശ്നം ഒഴിവായി. ഇപ്പോൾ രക്താർബുദവും നിയന്ത്രണത്തിലായിട്ടുണ്ട്. ഇത്തരത്തിൽ പ്രത്യാശ നൽകുന്ന സംഭവവികാസങ്ങളും ഈ രംഗത്തുണ്ടാകുന്നുണ്ട്.
ഹൃദയത്തിലെ മുഴകളുടെ കാര്യത്തിൽ ഓർത്തിരിക്കേണ്ട പ്രധാനകാര്യങ്ങൾ ഇവയാണ്: ഹൃദയത്തിലെ മുഴകൾ അപൂർവ്വമാണെങ്കിലും ഗൗരവമുള്ളവയാണ്.
മിക്കതും ബെനിൻ സ്വഭാവമുള്ളവ (അർബുദമല്ലാത്ത) ആണെങ്കിലും, മാലിഗ്നൻ്റ് (അർബുദമുള്ള) മുഴകളും മറ്റ് അവയവങ്ങളിൽ നിന്ന് പടരുന്ന ദ്വിതീയ മുഴകളും ജീവന് ഭീഷണിയാകാം. ലക്ഷണങ്ങൾ പലപ്പോഴും മറ്റ് ഹൃദയപ്രശ്നങ്ങളെപ്പോലെ തോന്നിക്കാം, അതിനാൽ ബോധവത്കരണം വളരെ പ്രധാനമാണ്. എക്കോകാർഡിയോഗ്രഫിയും മറ്റ് നൂതന ഇമേജിംഗ് ടെസ്റ്റുകളും രോഗനിർണയത്തിനുള്ള പ്രധാന ഉപകരണങ്ങളാണ്. ബെനിൻ മുഴകൾക്ക് ശസ്ത്രക്രിയയിലൂടെ സാധാരണയായി പൂർണ്ണ രോഗമുക്തി നേടാം.
വിവരങ്ങൾക്ക് കടപ്പാട്
ഡോ. അരുൺ വാരിയർ, സീനിയർ കൺസൽട്ടൻറ്, മെഡിക്കൽ ഓങ്കോളജി, ആസ്റ്റർ മെഡ്‌സിറ്റി, കൊച്ചി