മലപ്പുറം: ഉമർ ഫൈസി മുക്കത്തിനെതിരെ രൂക്ഷമായ വിമർശനവുമായി പി.എ. ജബ്ബാർ ഹാജി. സമസ്തയിലെ ഐക്യം തകർക്കാൻ ആസൂത്രിത ശ്രമം നടത്തുന്ന ഉമർ ഫൈസി മുക്കം ഒരു ഗുണ്ടയെപ്പോലെയാണ് പെരുമാറുന്നതെന്ന് അദ്ദേഹം ആരോപിച്ചു. (Trying to break unity, P A Jabbar Haji against Umar Faizy Mukkam)
സമസ്തയിലെ ലീഗ് വിരുദ്ധ വിഭാഗത്തിന്റെ യോഗത്തിൽ ഉമർ ഫൈസി മുക്കം നടത്തിയ പ്രസംഗമാണ് പുതിയ വിവാദങ്ങൾക്ക് തിരി കൊളുത്തിയത്. ബാഫഖി തങ്ങൾ മുതൽ ഹൈദരലി തങ്ങൾ വരെയുള്ളവരുടെ പാരമ്പര്യം പറഞ്ഞിട്ട് കാര്യമില്ലെന്നും വഴിപിഴച്ചു പോയവരെ പരിഗണിക്കാനാകില്ലെന്നുമായിരുന്നു ഉമർ ഫൈസിയുടെ പ്രസ്താവന. സമസ്ത വിലക്കിയവരുമായി കൂട്ടുകൂടരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
പാണക്കാട് തങ്ങന്മാരുടെ പാരമ്പര്യം പറഞ്ഞ് പേടിപ്പിക്കേണ്ടെന്ന ഉമർ ഫൈസിയുടെ നിലപാട് അംഗീകരിക്കാനാവില്ല. പാണക്കാട് കുടുംബത്തെ തെരുവിലേക്ക് വലിച്ചിഴക്കാൻ ശ്രമിച്ചാൽ കയ്യുംകെട്ടി നോക്കിനിൽക്കില്ലെന്ന് ജബ്ബാർ ഹാജി വ്യക്തമാക്കി.