

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ കുറ്റവിമുക്തനായതോടെ പ്രതികരണവുമായി നടൻ ദിലീപ്. സത്യം ജയിച്ചുവെന്നും, കേസിലെ യഥാർത്ഥ ഗൂഢാലോചന എന്ന് പറയുന്നത് തന്നെ പ്രതിയാക്കുക എന്നായിരുന്നെന്നും ദിലീപ് പറഞ്ഞു. കേസിൽ ക്രിമിനൽ ഗൂഢാലോചനയുണ്ടെന്ന് മഞ്ജു പറഞ്ഞതിന് പിന്നാലെ ക്രിമിനൽ പോലീസുകാർ മെനഞ്ഞെടുത്ത കള്ളക്കഥയാണിതെന്നും, ആ കള്ളക്കഥയാണ് ഇന്ന് കോടതിയിൽ പൊളിഞ്ഞതെന്നും ദിലീപ് കൂട്ടിച്ചേർത്തു. വിധിക്കുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ദിലീപ്.
“സത്യം ജയിച്ചു. ഈ കേസിൽ ക്രിമിനൽ ഗൂഢാലോചനയുണ്ടെന്ന് മഞ്ജു പറഞ്ഞിടത്തു വെച്ചാണ് എനിക്കെതിരെയുള്ള ഗൂഢാലോചന ആരംഭിച്ചത്. ആ പ്രസ്താവനയ്ക്ക് പിന്നാലെ അന്നത്തെ ഉയർന്ന മേലുദ്യോഗസ്ഥയും, ക്രിമിനൽ പോലീസുകാരും ചേർന്നാണ് ഇങ്ങനെയൊരു നടപടി ഉണ്ടാക്കിയത്. അതിനു വേണ്ടി ഈ കേസിലെ മുഖ്യ പ്രതിയെയും, കൂട്ട് പ്രതികളെയും കൂട്ടുപിടിച്ചിട്ട് ഈ പോലീസ് സംഘം ഒരു കള്ളക്കഥ മെനെഞ്ഞെടുക്കുകയാണ് ഉണ്ടായത്.” - ദിലീപ് പറഞ്ഞു.
“ഈ പോലീസുകാർ അവർക്ക് ഒത്താശ ചെയ്തു കൊടുക്കുന്ന ചില മാധ്യമപ്രവർത്തകരെയും കൂട്ടുപിടിച്ച് ഈ കള്ളക്കഥ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. ആ കള്ളക്കഥ ഇന്ന് കോടതിയിൽ തകർന്നു. ഈ കേസിലെ യഥാർത്ഥ ഗൂഢാലോചന എന്ന് പറയുന്നത് എന്നെ പ്രതിയാക്കാനാണ്. സമൂഹത്തിൽ എന്റെ കരിയർ, പ്രതിച്ഛായ, എന്റെ ജീവിതം നശിപ്പിക്കാൻ വേണ്ടി ചെയ്തതാണ്. അതുകൊണ്ട് തന്നെ ഈ നിമിഷം ഞാൻ കാണാത്ത എനിക്ക് വേണ്ടി പ്രാർത്ഥിച്ച കോടി കണക്കിന് ആളുകളോട് ഞാൻ നന്ദി പറയുകയാണ്.” - ദിലീപ് കൂട്ടിച്ചേർത്തു.
തനിക്കെതിരെയുള്ള ഗൂഢാലോചനയാണിതെന്ന് വ്യക്തമാക്കിയെങ്കിലും 'ആരാണ് ഗൂഢാലോചന നടത്തിയത്?' എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളിൽ ദിലീപ് പ്രതികരിച്ചില്ല. എട്ടു വർഷങ്ങൾ നീണ്ടു നിന്ന വിചാരണക്ക് ശേഷമാണ് കേസിൽ വിധി വന്നിരിക്കുന്നത്. കൂട്ടബലാത്സംഗം തെളിഞ്ഞതായി രേഖപ്പെടുത്തിയ കോടതി ഒന്നു മുതൽ ആറു വരെയുള്ള പ്രതികൾ കുറ്റക്കാരാണെന്ന് ചൂണ്ടി കാട്ടി. പ്രേരണാക്കുറ്റം നിലനിൽക്കുമെന്നും കോടതി വ്യക്തമാക്കി. ഏഴാം പ്രതിയെയും വെറുതെ വിട്ടിട്ടുണ്ട്. കുറ്റം തെളിഞ്ഞതായി കണ്ടെത്തിയ പ്രതികളുടെ ജാമ്യം റദ്ദാക്കിയിട്ടുണ്ട്.