തിരുവനന്തപുരം: ലൈംഗിക പീഡനക്കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ ഇന്ന് വിധി വരുമ്പോൾ, രാഹുലിനെതിരെ രജിസ്റ്റർ ചെയ്ത രണ്ടാമത്തെ കേസിൽ അന്വേഷണം ഊർജ്ജിതമാക്കി പോലീസ്. കെ.പി.സി.സിക്ക് പരാതി നൽകിയ യുവതിയുടെ വിശദാംശങ്ങൾ പ്രത്യേക അന്വേഷണ സംഘത്തിന് ലഭിച്ചു.(Trouble for Rahul Mamkootathil, Police prepare to record statement of complainant in second case)
അയൽ സംസ്ഥാനത്തുള്ള യുവതിയാണ് രാഹുലിനെതിരെ കെ.പി.സി.സിക്ക് പരാതി നൽകിയത്. ഈ പരാതി സുഹൃത്തിന്റെ സഹായത്തോടെയാണ് യുവതി അയച്ചത്. അയൽ സംസ്ഥാനത്തെത്തി യുവതിയുടെ മൊഴിയെടുക്കാൻ അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്. പരാതിക്കാരി മൊഴിയിൽ ഉറച്ചുനിന്നാൽ രാഹുലിനെതിരായ നിയമനടപടികൾക്ക് ഇത് വലിയ തിരിച്ചടിയാകും.
രണ്ടാമത്തെ ബലാൽസംഗക്കേസിന്റെ എഫ്.ഐ.ആർ. ഇന്ന് പ്രോസിക്യൂഷൻ കോടതിയിൽ നൽകും. രാഹുൽ സ്ത്രീകളെ സ്ഥിരമായി ശല്യം ചെയ്യുന്ന വ്യക്തിയാണെന്ന് പ്രോസിക്യൂഷൻ വാദിക്കുമെന്നും സൂചനയുണ്ട്. തിരുവനന്തപുരം പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതിയാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ ഇന്ന് വിധി പറയുക.
പ്രോസിക്യൂഷൻ ഇന്ന് ഹാജരാക്കുന്ന പുതിയ തെളിവുകൾ പരിശോധിച്ച് വാദം കേട്ട ശേഷമാകും വിധി പ്രസ്താവിക്കുക. ഉത്തരവ് ഇന്ന് തന്നെ ഉണ്ടാകണമെന്നും പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെടും. യുവതിയെ നിരന്തരം പീഡിപ്പിച്ചെന്നും നിർബന്ധിച്ച് ഗർഭഛിദ്രം നടത്തിയെന്നും പ്രോസിക്യൂഷൻ വാദിച്ചു. പരാതിക്ക് പിന്നിൽ സി.പി.എം - ബി.ജെ.പി രാഷ്ട്രീയ ഗൂഢാലോചനയാണെന്നും ഓഡിയോ റെക്കോർഡ് ചെയ്തതിൽ ഗൂഢാലോചന ഉണ്ടെന്നും രാഹുൽ വാദിച്ചു. ഗർഭഛിദ്രം യുവതിയുടെ സമ്മതത്തോടെയായിരുന്നെന്നും പ്രതിഭാഗം കോടതിയെ അറിയിച്ചു. നിലവിൽ എട്ട് ദിവസമായി രാഹുൽ മാങ്കൂട്ടത്തിൽ ഒളിവിൽ തുടരുകയാണ്. രാഹുലിനായുള്ള തിരച്ചിൽ ഊർജ്ജിതമാക്കിയ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി.) നിലവിൽ വയനാട്-കർണാടക അതിർത്തി കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുന്നത്.
രാഹുൽ ഒളിച്ചുതാമസിച്ച സ്ഥലങ്ങളിൽ നിന്ന് അന്വേഷണ സംഘം എത്തുന്നതിനു തൊട്ടുമുമ്പ് രക്ഷപ്പെട്ടത് പോലീസിൽ ശക്തമായ സംശയമുണ്ടാക്കിയിട്ടുണ്ട്. പോലീസിൽ നിന്ന് രാഹുലിന് വിവരങ്ങൾ ചോരുന്നുണ്ടോയെന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്. ഇതേത്തുടർന്ന്, എസ്.ഐ.ടി.യുടെ നീക്കങ്ങൾ പൂർണമായും രഹസ്യ സ്വഭാവത്തിൽ ആയിരിക്കണമെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥർ നിർദേശം നൽകിയിട്ടുണ്ട്.
കർണാടകയിൽ രാഹുലിനായി വ്യാപക തെരച്ചിലാണ് നടത്തുന്നത്. ഇന്നലെ ബാഗല്ലൂരിലെ ഒരു കേന്ദ്രത്തിൽ രാഹുൽ എത്തിയെന്ന വിവരത്തെ തുടർന്ന് പോലീസ് വീട് വളഞ്ഞ് പരിശോധന നടത്തിയിരുന്നു. രാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ ഇന്ന് കോടതി വിധി വരാനിരിക്കെ, അദ്ദേഹം കോടതിയിൽ കീഴടങ്ങുമെന്ന അഭ്യൂഹവും ശക്തമാണ്.
രാഹുലിനെതിരെ കോൺഗ്രസ് സ്വീകരിക്കേണ്ട അച്ചടക്ക നടപടി കോടതി വിധിക്ക് ശേഷമാകും കെ.പി.സി.സി. തീരുമാനിക്കുക. പുറത്താക്കാൻ ധാരണയായെങ്കിലും കോടതിയുടെ വിധി കേൾക്കണമെന്ന നിലപാടിലാണ് പാർട്ടി നേതൃത്വം. അച്ചടക്ക നടപടി നീളുന്നതിൽ ഹൈക്കമാൻഡിന് അതൃപ്തിയുണ്ടെന്ന റിപ്പോർട്ടുകൾ ഇതിനിടെ പുറത്തുവന്നിരുന്നു. കോടതി വിധിക്ക് ശേഷം നേതാക്കൾ കൂടിയാലോചിച്ചാകും അന്തിമ തീരുമാനമെടുക്കുക. എം.എൽ.എ. സ്ഥാനത്ത് നിന്ന് രാജിവെക്കാൻ പാർട്ടി ആവശ്യപ്പെടാൻ സാധ്യതയില്ലെന്നും സൂചനയുണ്ട്.