

മലപ്പുറം: നിലമ്പൂർ ജില്ലാ ആശുപത്രിയിൽ ഡോക്ടറെ കാണാനായി കാത്തിരിക്കുന്നതിനിടെ ആദിവാസി ബാലിക കുഴഞ്ഞുവീണ് മരിച്ചു. നിലമ്പൂർ ആദിവാസി ഊരായ പാലക്കയം നഗറിലെ അജിത്–സൗമ്യ ദമ്പതികളുടെ മകൾ സനോമിയ (3) ആണ് മരിച്ചത്.(Tribal girl dies tragically while waiting for treatment at the hospital)
പനിയും ഛർദ്ദിയും ഉണ്ടായതിനെ തുടർന്നാണ് കുട്ടിയെ ആശുപത്രിയിൽ കൊണ്ടുവന്നത്. രാവിലെ എട്ടുമണിയോടെ അജിത്തും സൗമ്യയും അമ്മയും ചേർന്ന് കുഞ്ഞുമായി ആശുപത്രിയിലേക്ക് പുറപ്പെട്ടെങ്കിലും, ആദിവാസി ഊരിലേക്ക് ജീപ്പ് മാത്രമേ പോവുകയുള്ളൂ എന്നതിനാൽ വാഹനം ലഭിക്കാൻ വൈകി.
പത്തുമണിയോടെയാണ് കുട്ടിയെ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചത്. ഡോക്ടറെ കാണാൻ കാത്തുനിൽക്കുന്നതിനിടെ അസ്വഭാവികത തോന്നിയതിനെ തുടർന്ന് ഉടൻ തന്നെ കുട്ടിയെ കാഷ്യാലിറ്റിയിലേക്ക് മാറ്റുകയായിരുന്നു. ഇതിന് പിന്നാലെയാണ് കുട്ടി മരിച്ചതായി സ്ഥിരീകരിച്ചത്.
ടൗണിൽ നിന്ന് ജീപ്പ് കോളനിയിലേക്ക് എത്താൻ വൈകിയത് മരണത്തിന് കാരണമായതായി കുടുംബാംഗങ്ങൾ ആരോപിക്കുന്നുണ്ട്. ആശുപത്രിയിൽ എത്തുന്നതിന് മുൻപ് തന്നെ കുട്ടി മരിച്ചു എന്ന് ആശുപത്രി അധികൃതർ അറിയിച്ചു.