
ആലപ്പുഴ : കോട്ടയം റൂട്ടിൽ ചെങ്ങന്നൂർ മഠത്തുംപടി ലെവൽ ക്രോസിനു സമീപം റെയിൽവേ വൈദ്യുതിലൈനിനു മുകളിലേക്കും ട്രാക്കിലേക്കുമായി മരം വീണു.
നാഗർകോവിൽ - കോട്ടയം പാസഞ്ചർ വരുമ്പോഴാണ് മരം വീണത്.ചെറിയനാട് സ്‌റ്റേഷനിലെ ട്രാക്‌മാൻ അനന്തുവാണ് അപകടം ശ്രദ്ധയിൽപ്പെട്ടയുടൻ ട്രെയിൻ നിർത്തിയത്.
തിങ്കളാഴ്ച വൈകിട്ട് 6.40-ന് ആണ് അപകടം നടന്നത്.പാതയിൽ മൺസൂൺ പട്രോളിങ് ഡ്യൂട്ടിയിലുണ്ടായിരുന്ന അനന്തു ഇത് കണ്ടു. ഈ സമയം പാതയിലൂടെ നാഗർകോവിൽ–-കോട്ടയം പാസഞ്ചർ വരുന്നുണ്ടായിരുന്നു.
600 മീറ്ററോളം പിന്നിലേക്ക് ഓടിയ അനന്തു പാതയിൽ ട്രെയിൻ നിർത്താനായി ഡിറ്റണേറ്റർ സ്ഥാപിക്കുകയും ചുവപ്പു സിഗ്‌നൽ കാണിക്കുകയും ചെയ്‌തു. ഇത് ശ്രദ്ധയിൽപ്പെട്ട ലോക്കോ പൈലറ്റ് ഉടൻ ട്രെയിൻ നിർത്തി.ഇതിനെ തുടർന്ന് മറ്റു തീവണ്ടികൾ നിർത്തിയിട്ടു.രാത്രി 8.20 ന് ഒരുദിശയിലേക്കുള്ള ഗതാഗതം പുനഃസ്ഥാപിച്ചു.