കൊച്ചി: ശബരിമലയിലെ വാജിവാഹനം തന്ത്രിക്ക് നൽകിയത് ഹൈക്കോടതിയുടെ പൂർണ്ണ അറിവോടെയാണെന്ന് വ്യക്തമാക്കുന്ന രേഖകൾ പുറത്തുവന്നു. ഇതോടെ കേസിൽ തുടർനടപടികളുമായി മുന്നോട്ട് പോകാനാകാതെ പ്രത്യേക അന്വേഷണ സംഘം പ്രതിരോധത്തിലായി. കോടതിയുടെ അഭിപ്രായം തേടിയ ശേഷം മാത്രമായിരിക്കും ഇനി കേസെടുക്കുന്ന കാര്യത്തിൽ ഉൾപ്പെടെ തീരുമാനമെടുക്കുക.(Transfer of Vaji Vahanam was with the knowledge of the High Court, SIT in confusion)
തന്ത്രി കണ്ഠരര് രാജീവർക്ക് വാജിവാഹനം കൈമാറിയത് പാരമ്പര്യ വിധിപ്രകാരമാണെന്നും ഈ നടപടികൾ ഹൈക്കോടതിയുടെ അറിവോടെയാണെന്നും അഡ്വക്കേറ്റ് കമ്മീഷണറുടെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. 2017 മാർച്ചിലാണ് ഇക്കാര്യം കോടതിയെ അറിയിച്ചത്.
കൊടിമര നിർമ്മാണത്തിലെ കമ്മീഷണർ റിപ്പോർട്ടിന് ഹൈക്കോടതി ദേവസ്വം ബെഞ്ച് നേരത്തെ അംഗീകാരം നൽകിയിരുന്നു. ഹൈക്കോടതി ഉത്തരവ് നിലനിൽക്കെയാണ് ഇപ്പോൾ വാജിവാഹനം പോലീസ് കസ്റ്റഡിയിലെടുത്തത് എന്നത് അന്വേഷണ സംഘത്തെ വെട്ടിലാക്കി. അന്നത്തെ ദേവസ്വം ബോർഡ് അംഗം അജയ് തറയിലിനെതിരെ നീങ്ങാനുള്ള അന്വേഷണ സംഘത്തിന്റെ നീക്കവും ഇതോടെ പ്രതിസന്ധിയിലായിരിക്കുകയാണ്.