കോഴിക്കോട് : താമരശേരി ചുരത്തിൽ വീണ്ടും മണ്ണിടിച്ചിൽ. പ്രദേശത്ത് ശക്തമായ മഴയില്‍ കൂടുതല്‍ പാറക്കഷ്ണങ്ങളും മണ്ണും റോഡിലേക്ക് വീഴുന്നത് തുടരുന്ന സാഹചര്യത്തിലാണിത്. കനത്ത മഴയെ തുടര്‍ന്ന് താമരശ്ശേരി ചുരത്തില്‍ മണ്ണിടിച്ചില്‍ തുടരുന്ന സാഹചര്യത്തില്‍ ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ ഇതുവഴിയുള്ള ഗതാഗതം പൂര്‍ണമായും നിരോധിച്ചതായി ജില്ലാ കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിങ് അറിയിച്ചു.
കുറ്റ്യാടി ചുരത്തിലും നേരിയ മണ്ണിടിച്ചിലുണ്ടായി. മലയോര മേഖലയിൽ ശക്തമായ മഴ തുടരുകയാണ്. തൊട്ടിൽപാലം പുഴയിൽ ജലനിരപ്പുയർന്നു. കുറ്റ്യാടി ചുരത്തിൽ മണ്ണിടിച്ചിലുണ്ടായതോടെ ഗതാഗതം തടസപ്പെട്ടു.
ലക്കിടി കവാടം വഴി വയനാട് ജില്ലയിലേക്കും കോഴിക്കോടേക്കും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.ദുരന്ത നിവാരണ നിയമം 2005 സെക്ഷൻ 34 (ബി) 34 (സി) 34 (എം) പ്രകാരമാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയത്. ആംബുലൻസ്, ആശുപത്രി, പാൽ, പത്രം, ഇന്ധനം തുടങ്ങിയ അടിയന്തര സർവീസുകൾ ഒഴികെയുള്ള എല്ലാ വാഹനങ്ങൾക്കും നിയന്ത്രണം ബാധകമാണെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.