ആലപ്പുഴ: ദേശീയപാതയിൽ കാക്കാഴം റെയിൽവേ മേൽപ്പാലത്തിന് മുകളിൽ ഡീസൽ തീർന്ന് കെഎസ്ആർടിസി ബസ് വഴിയിൽ കിടന്നതിനെ തുടർന്ന് രണ്ട് മണിക്കൂറോളം ഗതാഗത സ്തംഭനമുണ്ടായി. വടകരയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന സൂപ്പർ ഫാസ്റ്റ് ബസാണ് 'ഇന്ധനം തീർന്ന്' കുടുങ്ങിയത്.(Traffic jam on the national highway in Alappuzha for 2 hours)
ബസ് തകരാറിലായെന്നായിരുന്നു ആദ്യം കരുതിയതെങ്കിലും പിന്നീട് ഡീസൽ ഇല്ലാതായതാണ് കാരണം എന്ന് വ്യക്തമായി. ഇതോടെ തിരക്കേറിയ ദേശീയ പാതയിൽ വാഹനങ്ങൾ കുരുങ്ങി. ബസ് റോഡിൽ കുടുങ്ങിയത് വലിയ ഗതാഗത തടസ്സമുണ്ടാക്കിയതോടെ യാത്രക്കാർ ദുരിതത്തിലായി.
തൊട്ടടുത്തുള്ള പമ്പിൽ നിന്ന് പെട്രോൾ കാനുകളിൽ ഡീസൽ എത്തിച്ച ശേഷമാണ് ബസിലേക്ക് ഇന്ധനം നിറച്ചത്. ഡീസൽ ഒഴിച്ച ശേഷം പൊലീസുകാരും നാട്ടുകാരും ചേർന്ന് ബസ് തള്ളി നീക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
ഡീസൽ തീർന്ന് കെഎസ്ആർടിസി ബസ് വഴിയിൽ കിടന്ന സംഭവം അധികൃതരുടെ ഭാഗത്ത് നിന്നുള്ള ഗുരുതരമായ വീഴ്ചയായാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.