കോഴിക്കോട്: താമരശ്ശേരി ചുരത്തിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണാത്ത നടപടിയിൽ പ്രതിഷേധിച്ച് വയനാട്ടിലെ യുഡിഎഫ് എംഎൽഎമാരുടെ നേതൃത്വത്തിൽ ഇന്ന് രാപ്പകൽ സമരം നടക്കും. ഉച്ചയ്ക്ക് 2:30 മുതൽ കോഴിക്കോട് സിവിൽ സ്റ്റേഷന് മുന്നിലാണ് പ്രതിഷേധം സംഘടിപ്പിച്ചിരിക്കുന്നത്.(Traffic jam at Thamarassery Pass, Wayanad MLAs to stage day and night strike today)
കൽപ്പറ്റ എംഎൽഎ ടി. സിദ്ധിഖ്, സുൽത്താൻ ബത്തേരി എംഎൽഎ ഐ.സി. ബാലകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലാണ് സമരം നടക്കുന്നത്. ദിവസേന യാത്രക്കാർ മണിക്കൂറുകളോളം ചുരത്തിൽ കുടുങ്ങിക്കിടക്കുന്ന സാഹചര്യം തുടരുകയാണ്.
ചുരത്തിലെ ഗതാഗത പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിൽ കോഴിക്കോട്, വയനാട് ജില്ലാ ഭരണകൂടങ്ങൾ തമ്മിൽ കൃത്യമായ ഏകോപനമില്ലെന്ന് യുഡിഎഫ് ആരോപിക്കുന്നു. ബദൽ പാതകൾ ഒരുക്കുന്നതിലോ നിലവിലുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുന്നതിലോ സർക്കാർ സംവിധാനങ്ങൾ പൂർണ്ണമായും പരാജയപ്പെട്ടുവെന്ന് എംഎൽഎമാർ കുറ്റപ്പെടുത്തി. രോഗികളുമായി പോകുന്ന ആംബുലൻസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ ചുരത്തിൽ മണിക്കൂറുകളോളം കുടുങ്ങുന്നത് പതിവായിട്ടും അടിയന്തര നടപടികളുണ്ടാകുന്നില്ല.