മഞ്ചേരി: മൈസൂരുവിലെ ഒറ്റമൂലി ചികിത്സകന്‍ ഷാബാ ഷെരീഫിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്ന കേസില്‍ ഒന്നാം പ്രതിയും (Shaba Sharif murder case) വ്യവസായിയുമായ നിലമ്പൂര്‍ മുക്കട്ട കൈപ്പഞ്ചേരി ഷൈബിന്‍ അഷ്റഫിന് 11 വര്‍ഷവും ഒന്‍പത് മാസവും തടവുശിക്ഷ വിധിച്ചു. രണ്ടാം പ്രതി ശിഹാബുദ്ദീന് 6 വര്‍ഷവും 9 മാസവും, ആറാം പ്രതി നിഷാദിന് 3 വര്‍ഷവും 9 മാസവും തടവുശിക്ഷയാണ് കോടതി വിധിച്ചത്. ഇവര്‍ കുറ്റക്കാരാണെന്ന് കോടതി വ്യാഴാഴ്ച വിധിച്ചിരുന്നു. മനപ്പൂര്‍വമല്ലാത്ത നരഹത്യ, ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ പ്രതികള്‍ക്കെതിരെ തെളിഞ്ഞിട്ടുണ്ട്. 2020 ഒക്ടോബറില്‍ ഷാബ ഷെരീഫിനെ കൊലപ്പെടുത്തി കഷ്ണങ്ങളാക്കി ചാലിയാറില്‍ ഒഴുക്കിയെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. തെളിവെടുപ്പിനിടെ ലഭിച്ച തല മുടി ഷാബ ഷെരീഫിന്റേതാണെന്ന് മൈറ്റോകോണ്‍ട്രിയോ ഡിഎന്‍എ പരിശോധനയില്‍ തെളിഞ്ഞതാണ് കേസിന് ബലമായത്. പതിനഞ്ചു പ്രതികളില്‍ ഒന്‍പതുപേരെ കോടതി കുറ്റക്കാരല്ലെന്നുകണ്ട് വെറുതെവിട്ടു. പ്രതികളിലൊരാളായ കുന്നേക്കാടൻ ഷമീം ഇപ്പോഴും ഒളിവിലാണ്.