
തൃശൂർ: ഗുരുവായൂരിൽ കൊള്ളപ്പലിശക്കാരുടെ ഭീഷണിയെ തുടർന്ന് വ്യാപാരി ജീവനൊടുക്കി. ഗുരുവായൂർ സ്വദേശി മുസ്തഫയെ (47) ആണ് കച്ചവട സ്ഥാപനത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കൊള്ളപ്പലിശക്കാരുടെ ഭീഷണി കാരണമാണ് ആത്മഹത്യ ചെയ്യുന്നതെന്ന് വ്യക്തമാക്കുന്ന കുറിപ്പ് സ്ഥലത്തുനിന്ന് പോലീസ് കണ്ടെടുത്തിട്ടുണ്ട്.(Trader commits Suicide in Guruvayur due to the Threat of moneylenders)
മുസ്തഫയിൽ നിന്ന് കൊള്ളപ്പലിശക്കാർ ഭൂമി ഉൾപ്പെടെ ഭീഷണിപ്പെടുത്തി കൈക്കലാക്കിയതായി കുടുംബം ആരോപിച്ചു. ആറു ലക്ഷം രൂപ കടം വാങ്ങിയതിന് 40 ലക്ഷത്തോളം രൂപ തിരികെ നൽകിയിട്ടും ഭീഷണി തുടർന്നുവെന്നും നിരന്തരം ഭീഷണി നേരിട്ടതിനാലാണ് അദ്ദേഹം ഈ കടുംകൈ ചെയ്തതെന്നും കുടുംബാംഗങ്ങൾ പറയുന്നു.
കച്ചവട സ്ഥാപനത്തിൽ കയറി മേശവലിപ്പിൽ നിന്ന് പലിശക്കാരൻ പല തവണ പണം എടുത്തുകൊണ്ടുപോയതായും, പലിശത്തുക കുറഞ്ഞതിന് ഭാര്യയുടെയും മകന്റെയും മുന്നിലിട്ട് മുസ്തഫയെ മർദിച്ചതായും കുടുംബം ആരോപിക്കുന്നു.
പ്രതിമാസം 20 ശതമാനം പലിശയ്ക്കാണ് പണം നൽകിയിരുന്നത്. ഇരട്ടിയിലധികം പണം തിരികെ നൽകിയിട്ടും ഭീഷണി തുടർന്നുവെന്ന് സഹോദരൻ ഹക്കീം പറഞ്ഞു. സംഭവത്തിൽ ഗുരുവായൂർ ടെമ്പിൾ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മുസ്തഫയുടെ ആത്മഹത്യയ്ക്ക് കാരണക്കാരായ കൊള്ളപ്പലിശക്കാരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.