തിരുവനന്തപുരം: ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ അറസ്റ്റ് ചെയ്ത പോലീസ് നടപടിയെ രൂക്ഷമായി വിമർശിച്ച് മുൻ ഡിജിപി ടി.പി. സെൻകുമാർ. കേസ് രജിസ്റ്റർ ചെയ്തതിലും അറസ്റ്റ് രേഖപ്പെടുത്തിയതിലും ഗുരുതരമായ നിയമലംഘനങ്ങൾ നടന്നുവെന്ന് അദ്ദേഹം ആരോപിച്ചു. ഫെയ്‌സ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.(TP Senkumar against the police in Rahul Mamkootathil's arrest)
ഇ-മെയിൽ വഴിയാണ് പരാതി ലഭിച്ചതെങ്കിൽ, നിയമപ്രകാരം മൂന്നാം ദിവസം പരാതിക്കാരിയെ നേരിട്ട് വിളിച്ചുവരുത്തി ഇ-മെയിലിൽ ഒപ്പിടുവിച്ചിട്ടുണ്ടോ? ഇത്തരത്തിൽ ഒപ്പിടാതെ എങ്ങനെ കേസ് രജിസ്റ്റർ ചെയ്യാൻ സാധിക്കുമെന്ന് അദ്ദേഹം ചോദിക്കുന്നു. ബിഎൻഎസ്എസ് (BNSS) വകുപ്പ് 184(1) പ്രകാരം കേസ് എടുത്ത് 24 മണിക്കൂറിനകം അതിജീവിതയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയോ? പരിശോധന പോലും നടത്താതെ എങ്ങനെയാണ് വകുപ്പ് 35(1)(b) പ്രകാരം പരാതി വിശ്വാസയോഗ്യമാകുന്നത്? മുഖ്യമന്ത്രിയോട് പരാതിക്കാരി നടത്തുന്ന പരിദേവനങ്ങൾ എങ്ങനെയാണ് ക്രിമിനൽ നടപടിക്രമത്തിന്റെ ഭാഗമാവുകയെന്നും അദ്ദേഹം ചോദിച്ചു.
"കോഴിയും പോലീസും ക്രിമിനൽ നിയമങ്ങളും" എന്ന തലക്കെട്ടിലാണ് അദ്ദേഹം കുറിപ്പിട്ടത്. പോലീസിനും കോടതിക്കും ബലാത്സംഗ പരാതിയിലെ ബാലപാഠങ്ങൾ അറിയേണ്ടേ എന്ന് അദ്ദേഹം പരിഹസിച്ചു. "ഈ ക്രിമിനൽ നടപടിക്രമങ്ങൾ പാലിച്ചില്ലെങ്കിൽ കോഴി രക്ഷപ്പെട്ടു പോകും... അത് പോലീസ് അറിയുക." - സെൻകുമാർ കുറിച്ചു.
അറസ്റ്റിന്റെ കാരണങ്ങൾ വ്യക്തമാക്കാൻ പോലീസിന് കഴിയുന്നില്ലെന്നും, നിയമവിരുദ്ധമായാണ് റിമാൻഡ് നടപടികൾ മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം ആരോപിച്ചു.