തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് ഫലം വിശദമായി പരിശോധിക്കുമെന്ന് ടി.പി. രാമകൃഷ്ണൻ. മാധ്യമങ്ങൾ പറയുന്നതുപോലെ ഇടതുമുന്നണിയുടെ 'കപ്പൽ മുങ്ങിപ്പോയിട്ടില്ലെ'ന്നും എന്നാൽ പ്രതീക്ഷിച്ച വിജയം ഉണ്ടായില്ലെങ്കിൽ അത് തോൽവി തന്നെയാണെന്നും അദ്ദേഹം സമ്മതിച്ചു. ജനവിധി മാനിച്ച് ഭാവി പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകുമെന്നും തിരുത്തൽ വരുത്തേണ്ട കാര്യങ്ങൾ ഉണ്ടെങ്കിൽ അത് ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.(TP Ramakrishnan says local body election results will be examined in detail)
"തെരഞ്ഞെടുപ്പിൽ ആകെ തോറ്റുപോയിട്ടൊന്നുമില്ല. എൽ.ഡി.എഫിന് അധികാര തുടർച്ച ഉണ്ടാകുന്നതിനെ നിഷേധിക്കുന്ന ജനവിധി ഉണ്ടായിട്ടില്ല. തോൽവി എന്നത് സത്യമാണ്, പ്രതീക്ഷിച്ച വിജയം ഉണ്ടായില്ല എന്ന് പറഞ്ഞാൽ തോറ്റെന്നുതന്നെയാണല്ലോ. ജനങ്ങൾ എന്തുകൊണ്ട് ഇങ്ങനെ തീരുമാനിച്ചു എന്നത് പരിശോധിക്കും." – ടി.പി. രാമകൃഷ്ണൻ.
മുന്നണിയിലെ പാർട്ടികളുടെ തെരഞ്ഞെടുപ്പ് അവലോകനം പൂർത്തിയാകാത്തതിനാലാണ് മുന്നണിയോഗം വിശദമായ പരിശോധനയിലേക്ക് കടക്കാതിരുന്നത്. ജനുവരിയിലെ യോഗത്തിൽ തെരഞ്ഞെടുപ്പ് ഫലം വിശദമായ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് കൺവീനർ അറിയിച്ചു.
അവസരവാദപരമായ നിലപാട് എൽ.ഡി.എഫ്. സ്വീകരിക്കില്ലെന്ന് വ്യക്തമാക്കിയ കൺവീനർ, മുന്നണിയിലെ ഭരണസമിതി രൂപീകരണത്തിൽ ജനവിധി മാനിച്ചുകൊണ്ടുള്ള നിലപാടെ സ്വീകരിക്കൂ എന്നും കൂട്ടിച്ചേർത്തു.മുന്നണി വിപുലീകരണത്തെക്കുറിച്ചുള്ള ചോദ്യങ്ങളോട് ഇടതുമുന്നണി നയം സ്വീകരിക്കാൻ തയ്യാറാകുന്ന യു.ഡി.എഫിലെ ആരു വന്നാലും സ്വീകരിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്.
മുസ്ലിം ലീഗ് അഭിപ്രായം പറഞ്ഞാൽ അപ്പോൾ ആലോചിക്കാം. 'രാഷ്ട്രീയ നിലപാട് പറയലാണ് ഫസ്റ്റ് കണ്ടീഷൻ,' അദ്ദേഹം പറഞ്ഞു. ജോസ് കെ. മാണി ഇടതുമുന്നണിയുടെ ഭാഗമാണ്. ഇടതുമുന്നണി അടിത്തറ ബലപ്പെടുത്തുന്ന നിലപാടുമായാണ് മുന്നോട്ടുപോകുന്നതെന്നും ടി.പി. രാമകൃഷ്ണൻ പറഞ്ഞു.