

തിരുവനന്തപുരം: ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതിയായ ജ്യോതി ബാബുവിന് ജാമ്യം നൽകുന്നതിനെതിരെ കെ.കെ. രമ എം.എൽ.എ. സുപ്രീം കോടതിയിൽ സത്യവാങ്മൂലം ഫയൽ ചെയ്തു. പ്രതികൾക്ക് ജാമ്യം അനുവദിക്കുന്നതിനെ ശക്തമായി എതിർത്തുകൊണ്ടാണ് രമയുടെ സത്യവാങ്മൂലം.(TP murder case, KK Rema files affidavit in Supreme Court against granting bail to Jyothi Babu)
ജ്യോതി ബാബു ഉൾപ്പെടെയുള്ള പ്രതികൾക്ക് അനുപാതരഹിതമായ ഇളവുകളാണ് ലഭിച്ചതെന്ന് കെ.കെ. രമ സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടുന്നു. നീതിന്യായ സംവിധാനങ്ങളുടെ വിശ്വാസ്യത നഷ്ടമാകുന്ന തരത്തിലുള്ള നടപടികളാണ് ഈ വിഷയത്തിൽ ഉണ്ടായതെന്നും അവർ ആരോപിക്കുന്നു.
"പ്രതികൾക്ക് ജാമ്യം നൽകുന്നത് അപകടകരവും മനോവീര്യം കെടുത്തുന്നതുമായ സന്ദേശം സമൂഹത്തിന് നൽകും." ആരോഗ്യപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ജ്യോതി ബാബു ജാമ്യത്തിനായി സുപ്രീം കോടതിയെ സമീപിച്ചത്. എന്നാൽ, രാഷ്ട്രീയ കൊലപാതക കേസിലെ പ്രതിക്ക് ജാമ്യം നൽകുന്നത് നീതിന്യായ വ്യവസ്ഥയുടെ ഉദ്ദേശലക്ഷ്യങ്ങളെ തകർക്കുമെന്നാണ് കെ.കെ. രമയുടെ പ്രധാന വാദം.