കണ്ണൂർ: ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ ഒന്നാം പ്രതി എം.സി. അനൂപിന് വീണ്ടും പരോൾ. കണ്ണൂർ സെൻട്രൽ ജയിലിൽ കഴിയുന്ന അനൂപിന് 20 ദിവസത്തെ പരോളാണ് അനുവദിച്ചിരിക്കുന്നത്. ഇത് സാധാരണ തടവുകാർക്ക് ലഭിക്കുന്ന സ്വാഭാവിക പരോൾ മാത്രമാണെന്നാണ് ജയിൽ അധികൃതരുടെ വിശദീകരണം.(TP murder case first accused granted parole)
ടി.പി. കേസ് പ്രതികൾക്ക് തുടർച്ചയായി പരോൾ ലഭിക്കുന്നത് നേരത്തെ തന്നെ വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഈ സാഹചര്യത്തിലാണ് അനൂപിന്റെ പരോൾ വാർത്തയും പുറത്തുവരുന്നത്.
നേരത്തെ കേസിലെ പ്രതികളായ രജീഷ്, ഷാഫി, ഷിനോജ് എന്നിവർക്കും പരോൾ അനുവദിച്ചിരുന്നു. ഇവരിൽ പലർക്കും ചട്ടങ്ങൾ ലംഘിച്ചാണ് പരോൾ നൽകുന്നതെന്ന ആക്ഷേപം ശക്തമാണ്.
ടി.പി. കേസ് പ്രതികൾക്ക് പരോൾ അനുവദിക്കുന്നതിലെ അസ്വാഭാവികതയെക്കുറിച്ച് ഹൈക്കോടതി മുൻപ് ഗൗരവകരമായ ചോദ്യങ്ങൾ ഉന്നയിച്ചിരുന്നു. "ഈ പ്രതികൾക്ക് മാത്രം എന്താണ് പ്രത്യേകത?" എന്നായിരുന്നു കോടതിയുടെ പരാമർശം. കഴിഞ്ഞ മാസം കേസിലെ പന്ത്രണ്ടാം പ്രതിയായ ജ്യോതി ബാബു സമർപ്പിച്ച പരോൾ അപേക്ഷ ഹൈക്കോടതി കർശനമായി നിരസിച്ചിരുന്നു.