കൊച്ചി: ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന മുഖ്യപ്രതി കൊടി സുനിയെ ജയിൽ മാറ്റണമെന്ന് ആവശ്യപ്പെട്ട് അമ്മ ഹൈക്കോടതിയെ സമീപിച്ചു. തവനൂർ ജയിലിൽ നിന്നും കണ്ണൂരിലെ ജയിലിലേക്ക് മാറ്റണമെന്നാണ് ഹർജിയിലെ ആവശ്യം.(TP murder case accused's mother approaches High Court regarding Kodi Suni's transfer to Kannur jail)
കൊടി സുനിയെ തവനൂരിലേക്ക് മാറ്റിയത്, ജയിലിനുള്ളിൽ ഇയാൾ ഉൾപ്പെടെയുള്ള പ്രതികൾ നടത്തിയ കുറ്റകൃത്യങ്ങളുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു. ഇപ്പോൾ പുറത്തുവരുന്ന പുതിയ വിവരങ്ങൾ ഇതിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു.
ജയിലിനുള്ളിലും ലഹരി വിൽപന നടത്തുന്നതായി ജയിൽ സൂപ്രണ്ടിന്റെ അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കേസിലെ മുഖ്യപ്രതികളായ കൊടി സുനിയും കിർമാണി മനോജും ലഹരി വിൽപനയുടെ പ്രധാന കണ്ണികളാണെന്നാണ് റിപ്പോർട്ട്. ജയിലിനകത്തും പുറത്തും ലഹരി ഉപയോഗിക്കുന്നതിന് പുറമെ കൊടി സുനിയും സംഘവും വിൽപനയും നടത്തുന്നു. കൊടി സുനി നിരന്തരം അച്ചടക്കലംഘനം കാണിക്കുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.
ഹർജി പരിഗണിച്ച ഹൈക്കോടതി സംഭവത്തിൽ സർക്കാരിന്റെ വിശദീകരണം തേടിയിട്ടുണ്ട്. ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളെ വിട്ടയക്കുന്നതുമായി ബന്ധപ്പെട്ട് ജയിൽ വകുപ്പ് നടത്തിയ അസാധാരണ നീക്കത്തിന്റെ സൂചനകൾ പുറത്തുവന്നത് വലിയ വിവാദത്തിന് തിരികൊളുത്തി.
ടി.പി. വധക്കേസിലെ പ്രതികളെ ‘വിടുതൽ’ ചെയ്യുന്നതിൽ ഏതെങ്കിലും തരത്തിലുള്ള സുരക്ഷാപ്രശ്നമുണ്ടോയെന്ന് ചോദിച്ച് ജയിൽ ആസ്ഥാനത്ത് നിന്ന് ജയിൽ സൂപ്രണ്ടുമാർക്ക് അയച്ച കത്താണ് പുറത്ത് വന്നത്. 20 വർഷത്തേക്ക് ശിക്ഷായിളവ് നൽകരുതെന്ന ഹൈക്കോടതി വിധി നിലനിൽക്കെയാണ് സർക്കാർ തലത്തിൽ ഇത്തരമൊരു നീക്കം നടന്നത്.
'വിടുതൽ' എന്ന വാക്കാണ് കത്തിൽ ഉപയോഗിച്ചിരിക്കുന്നത്. പ്രതികളെ എന്നെന്നേക്കുമായി വിട്ടയക്കുന്നതിനാണോ അതോ പരോളിനെക്കുറിച്ചാണോ എന്നതിൽ കത്തിൽ വ്യക്തതയില്ല. വിവാദമായതോടെ, പ്രതികളെ വിട്ടയക്കാനുള്ള കത്തല്ലെന്ന വിശദീകരണവുമായി എ.ഡി.ജി.പി. ബൽറാംകുമാർ ഉപാധ്യായ രംഗത്തെത്തി.
മാഹി ഇരട്ടക്കൊല കേസിലും ടി.പി. വധക്കേസിലെ മുഖ്യപ്രതികളായ കൊടി സുനി ഉൾപ്പെടെയുള്ളവർ ഉൾപ്പെട്ടിരുന്നു. മാഹി ഇരട്ടക്കൊലക്കേസിൽ ടി.പി. കൊലക്കേസിലെ പ്രതികളെയടക്കം കോടതി വെറുതെ വിട്ടിരുന്നു. ഈ സാഹചര്യത്തിലാണ് സുരക്ഷാ പ്രശ്നമുണ്ടോയെന്ന് അന്വേഷിച്ച് കത്ത് അയച്ചതെന്നാണ് എ.ഡി.ജി.പി. നൽകുന്ന വിശദീകരണം.