കൊച്ചി: മരടിൽ വിദേശ വിനോദസഞ്ചാരികൾ സഞ്ചരിച്ച ബോട്ടിന്റെ യന്ത്രം തകരാറിലായതിനെ തുടർന്ന് കായലിൽ നിയന്ത്രണം വിട്ട് ഒഴുകി. ഇന്നലെ വൈകുന്നേരം ആറ് മണിയോടെയാണ് സ്വകാര്യ കമ്പനിയുടെ നാല് സീറ്റുള്ള ബോട്ട് അപകടത്തിൽപ്പെട്ടത്. (Tourists stranded for an hour due to Losing control of boat)
വൈകുന്നേരം ആറ് മണിക്ക് ശേഷം സർവീസ് നടത്തരുതെന്ന സർക്കാർ കർശന നിർദ്ദേശം നിലനിൽക്കെയാണ് ബോട്ട് യാത്ര നടത്തിയത്. ഔട്ട്‌ബോർഡ് എഞ്ചിൻ ഘടിപ്പിച്ച ബോട്ടാണ് യാത്രയ്ക്കിടെ കായലിന് നടുവിൽ വെച്ച് തകരാറിലായത്.
തുടർന്ന് മറ്റൊരു ബോട്ട് സ്ഥലത്തെത്തി യന്ത്രം താത്കാലികമായി ശരിയാക്കിയ ശേഷമാണ് ബോട്ട് സുരക്ഷിതമായി കരയ്ക്കടുപ്പിച്ചത്. ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ഇല്ലാതെ സർവീസ് നടത്തിയതിന് കഴിഞ്ഞ മാസം 30-ന് കൊടുങ്ങല്ലൂർ പോർട്ട് ഉദ്യോഗസ്ഥർ ഈ ബോട്ടിന് പിഴ ചുമത്തിയിരുന്നു. സംഭവം ഗൗരവകരമാണെന്നും സർവീസ് സമയം ലംഘിച്ചതാണ് പ്രധാന വീഴ്ചയെന്നും നഗരസഭാ അധികൃതർ വ്യക്തമാക്കി.