
കുറഞ്ഞചിലവില്‍ വിനോദസഞ്ചാരമെന്ന സാധാരണക്കാരന്റെ സ്വപ്നം കെ.എസ്.ആര്‍.ടി.സിയിലൂടെ പൂവണിയുന്നു. ആറുമാസത്തിനുള്ളില്‍ ജില്ലയില്‍ ബഡ്ജറ്റ് ടൂറിസം സെല്‍ കൊയ്തത് 1,50,82,924 രൂപയുടെ വരുമാനനേട്ടം. ഒമ്പത് ഡിപ്പോകളില്‍ നിന്നുമായി പ്രതിമാസശരാശരി വരുമാനം 35-40 ലക്ഷം രൂപയും.
കൊല്ലം, കൊട്ടാരക്കര, കരുനാഗപ്പള്ളി, ചടയമംഗലം, പത്തനാപുരം ഡിപ്പോകളാണ് യാത്രകളില്‍ മുന്നിലുള്ളത്. 2022 ജനുവരി 10ന് റോസ്മലയിലേക്കായിരുന്നു ആദ്യയാത്ര.
ഗവി, മൂന്നാര്‍, പാലക്കാട് എന്നിവയ്ക്കാണ് തിരക്കേറെയുള്ളത്. നെഫര്‍റ്റിട്ടി കപ്പല്‍യാത്ര, ഓക്‌സി വാലി-സൈലന്റ് വാലി, പൊലിയംതുരുത്ത്, വയനാട്, മൂകാംബിക എന്നിവയാണ് കൂടുതല്‍ വരുമാനമെത്തിക്കുന്നത്.
കൊല്ലം, കുളത്തൂപ്പുഴ ഡിപ്പോയില്‍ നിന്നുമുള്ള വിനോദയാത്രകള്‍ക്ക് പുറമേ തീര്‍ഥാടനയാത്രകളുമുണ്ട്. മൂകാംബിക, കൊട്ടിയൂര്‍, മലപ്പുറത്തെ മഹാക്ഷേത്രങ്ങള്‍, തൃശൂര്‍നാലമ്പലങ്ങള്‍, ഗുരുവായൂര്‍, തിരുഐരാണിക്കുളം, മധ്യകേരളത്തിലെ ശിവക്ഷേത്രങ്ങള്‍, സരസ്വതി ക്ഷേത്രങ്ങള്‍, കോട്ടയംനാലമ്പലം, പത്തനംതിട്ടയിലെക്ഷേത്രങ്ങള്‍, കുളത്തുപ്പുഴ, ആര്യങ്കാവ്, അച്ചന്‍കോവില്‍, പന്തളം ഉള്‍പ്പെടുന്ന അയ്യപ്പ ക്ഷേത്രങ്ങള്‍, അഴിമല-ചെങ്കല്‍, പൗര്‍ണമികാവ്, മണ്ടയ്ക്കാട്, കന്യാകുമാരി, കൃപാസനം, അല്‍ഫോന്‍സാമ്മ തീര്‍ത്ഥാടനം എന്നിങ്ങനെ സീസണ്‍ യാത്രകളും പതിവായുണ്ട്. അന്തര്‍ സംസ്ഥാന യാത്രകളായ മൂകാംബിക, കന്യാകുമാരി എന്നിവയാണ് സ്ഥിരംചാര്‍ട്ടില്‍. ശബരിമല സീസണില്‍ തഞ്ചാവൂര്‍, മധുര, വേളാങ്കണ്ണി സര്‍വീസുകളുമുണ്ടാകും.
നെഫര്‍റ്റിട്ടി കപ്പല്‍ യാത്ര, കുമരകം ബോട്ട് യാത്ര എന്നീ ട്രിപ്പുകള്‍ എ.സി ബസുകളിലാണ്. ദീര്‍ഘദൂര ട്രിപ്പുകള്‍ എല്ലാം ഡീലക്‌സ് സെമിസ്ലീപ്പറുകളിലും. യാത്രക്കാരുടെ ആവശ്യം പരിഗണിച്ച് എ സി ബസില്‍ യാത്രക്രമീകരിക്കാറുമുണ്ട്. ഗവി, റോസ്മല, പൊ•ുടി, മൂന്നാര്‍, മലക്കപ്പാറ യാത്രകള്‍ വനം-ടൂറിസം വകുപ്പുകളുമായി സഹകരിച്ചാണ് നടത്തുന്നത് എന്ന് ബഡ്ജറ്റ് ടൂറിസം സെല്‍ ജില്ലാ കോ ഓഡിനേറ്റര്‍ ടി. കെ. മോനായി അറിയിച്ചു.