ഇടുക്കി: തൊടുപുഴ - പുളിയൻമല സംസ്ഥാന പാതയിലെ കുരുതിക്കളം ഹെയർപിൻ വളവിൽ നിയന്ത്രണം നഷ്ടപ്പെട്ട ട്രാവലർ റോഡരികിലെ മരത്തിലേക്ക് ഇടിച്ചുകയറി 14 പേർക്ക് പരിക്ക്. കൊല്ലം കുഞ്ഞിക്കോട് ട്യൂഷൻ സെന്ററിലെ വിദ്യാർഥികൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്.(Tourist traveler carrying students crashes into tree in Idukki)
അപകടത്തിൽ ഗുരുതരാവസ്ഥയിലായ കൊല്ലം സ്വദേശിനിയായ ജ്യോതികയെ (16) ഉടൻതന്നെ തൊടുപുഴയിലേക്ക് മാറ്റി. ഡ്രൈവർ കുന്നിക്കോട് സ്വദേശി എസ്. ഷംനാദിനും (36), അധ്യാപകരായ അംജാദ് (42), നൗഫൽ (32) എന്നിവർക്കും സാരമായി പരിക്കേറ്റിട്ടുണ്ട്.
രാത്രി 7.30 ഓടെയാണ് അപകടമുണ്ടായത്. കുത്തനെയുള്ള ഇറക്കത്തിൽവെച്ച് നിയന്ത്രണം നഷ്ടമായ വാഹനം റോഡരികിലെ ഞാവൽ മരത്തിൽ ഇടിച്ചുനിന്നതിനാൽ വൻ ദുരന്തം ഒഴിവായി. വാഹനം കൊക്കയിലേക്ക് മറിയാതിരുന്നത് വലിയ ആശ്വാസമായി.
മരത്തിനും വാഹനത്തിനുമിടയിൽ കുടുങ്ങിയ ഡ്രൈവർ ഷംനാദിനെ വാഹനത്തിന്റെ മുൻഭാഗം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. ഇദ്ദേഹത്തിന്റെ തുടയെല്ലിന് ഗുരുതര പരിക്കേറ്റിട്ടുണ്ട്. കുളമാവ് പോലീസും മൂലമറ്റത്തുനിന്നെത്തിയ അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. പരിക്കേറ്റവരെ കാഞ്ഞാർ പോലീസ് ജീപ്പിലും ആംബുലൻസിലുമായി മൂലമറ്റത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വിനോദയാത്രയ്ക്കായി ഇടുക്കിയിലെത്തിയ സംഘം ഞായറാഴ്ച പുലർച്ചെ മൂന്ന് മണിയോടെയാണ് കുന്നിക്കോട്ടു നിന്നും പുറപ്പെട്ടത്. ഇടുക്കി സന്ദർശനത്തിന് ശേഷം തിരികെ മടങ്ങുന്നതിനിടെയാണ് അപകടം സംഭവിച്ചത്. നിസാര പരിക്കേറ്റവരിൽ സന ഫാത്തിമ, സുബനാസ്, അദില ലിസ, മുഹമ്മദ് ഫറൂഖ്, നിധി സജീവ്, എസ്. ശ്രീരാഗ്, ഫാബിയ ഫാത്തിമ, എൽ. കൃഷ്ണപ്രിയ, എൽ. നുഫാൽ, ഫാത്തിമ അലി, എസ്. ഷെമീർ എന്നിവർ മൂലമറ്റം ആശുപത്രിയിൽ ചികിത്സ തേടി. അപകടത്തെ തുടർന്ന് കുറച്ചുനേരം ഗതാഗതക്കുരുക്ക് ഉണ്ടായെങ്കിലും പോലീസിന്റെ ഇടപെടലിനെ തുടർന്ന് ഗതാഗതം പുനഃസ്ഥാപിച്ചു.