കൊച്ചി: സംസ്ഥാനത്തെത്തുന്ന ഇതര സംസ്ഥാന ടൂറിസ്റ്റ് ബസുകളുടെ നികുതി വെട്ടിപ്പ് കണ്ടെത്താനായി മോട്ടോർ വാഹന വകുപ്പ് (എം.വി.ഡി.) മിന്നൽ പരിശോധന നടത്തി. കൊച്ചിയിൽ മാത്രം നികുതി വെട്ടിപ്പിന്റെ പേരിൽ 28 ബസുകളാണ് എം.വി.ഡി. പിടിച്ചെടുത്തത്.(Tourist buses tax evasion, MVD conducts inspection in Kochi)
കേരളത്തിലേക്ക് കടക്കുമ്പോൾ അടയ്‌ക്കേണ്ട നികുതി ഈ വാഹനങ്ങൾ അടച്ചിരുന്നില്ലെന്ന് പരിശോധനയിൽ കണ്ടെത്തി. ഇതിനെത്തുടർന്നാണ് വാഹനങ്ങൾ പിടിച്ചെടുത്തത്. ഓൾ ഇന്ത്യ പെർമിറ്റ് ബസുകളാണെങ്കിൽ പോലും കേരളത്തിലേക്ക് പ്രവേശിക്കുമ്പോൾ നികുതി അടയ്‌ക്കേണ്ടതുണ്ട്.
ഇന്ന് പുലർച്ചെ 3 മണിയോടെയാണ് കൊച്ചിയുടെ വിവിധ ഭാഗങ്ങളിൽ പരിശോധന നടന്നത്. നികുതി വെട്ടിപ്പിന് പുറമേ മറ്റ് നിയമലംഘനങ്ങളും പരിശോധിക്കുന്നുണ്ട്. യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാകാത്ത തരത്തിലാണ് പരിശോധനയെന്നും നികുതി അടച്ച ശേഷം വാഹനങ്ങൾ വിട്ടുകൊടുക്കുമെന്നും മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.
പിടിച്ചെടുക്കുന്ന സമയത്ത് മറ്റ് ജില്ലകളിലേക്ക് പോകുന്ന ബസുകൾ വരെ ഉണ്ടായിരുന്നു. ഇത്തരം ബസുകളോട് കൃത്യ സ്ഥലങ്ങളിൽ യാത്രക്കാരെ ഇറക്കിയ ശേഷം തിരികെ കൊച്ചിയിൽ എത്താൻ എം.വി.ഡി. നിർദ്ദേശം നൽകിയിട്ടുണ്ട്. സംസ്ഥാന ഖജനാവിന് നഷ്ടമുണ്ടാക്കി നികുതി വെട്ടിച്ച് സർവീസ് നടത്തുന്ന ടൂറിസ്റ്റ് ബസുകൾക്കെതിരെ വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നാണ് വിവരം.