ഇരട്ടനികുതി, പിഴ; ഓട്ടം നിര്‍ത്തി അന്തര്‍സംസ്ഥാന ബസ്സുകള്‍, KSRTC ടിക്കറ്റുമില്ല, പെട്ടത് യാത്രക്കാര്‍ | Bus Strike

ഓള്‍ ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റ് വാഹനങ്ങള്‍ക്കെതിരേ തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍ അന്യായമായി നികുതി ഈടാക്കുകയും കനത്തപിഴ ചുമത്തുകയും വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്യുന്നു
Bus strike
Published on

കേരളത്തിന്റെ വിവിധയിടങ്ങളിലേക്ക് പോകുന്ന അന്തസ്സംസ്ഥാന സ്വകാര്യബസുകളില്‍ ഭൂരിഭാഗവും സമരത്തില്‍ പങ്കെടുത്ത് സര്‍വീസ് നിര്‍ത്തിവെച്ചു. എറണാകുളം, കോട്ടയം, കോഴിക്കോട്, കണ്ണൂര്‍, പാലക്കാട് തുടങ്ങിയ സ്ഥലങ്ങളിലേക്കായി 200-ലധികം അന്തസ്സംസ്ഥാന ബസുകളാണ് ബെംഗളൂരുവില്‍നിന്ന് സര്‍വീസ് നടത്തുന്നത്. (Bus Strick)

ഓള്‍ ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റ് വാഹനങ്ങള്‍ക്കെതിരേ തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍ അന്യായമായി നികുതി ഈടാക്കുകയും കനത്തപിഴ ചുമത്തുകയും വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്യുന്നതിനെതിരേ ലക്ഷ്വറി ബസ് ഓണേഴ്സ് അസോസിയേഷനാണ് സമരം പ്രഖ്യാപിച്ചത്. കേരളത്തില്‍നിന്ന് കര്‍ണാടകത്തിലേക്കുള്ള ബസുകളും ഓട്ടവും നിര്‍ത്തി.

ആന്ധ്രപ്രദേശ്, പുതുച്ചേരി, തെലങ്കാന സംസ്ഥാനങ്ങളില്‍നിന്നുള്ള സ്വകാര്യ ബസുകളും തിങ്കളാഴ്ച മുതല്‍ അന്തഃസംസ്ഥാന സര്‍വീസുകള്‍ നിര്‍ത്തിവെച്ചു. തമിഴ്നാട്ടില്‍നിന്ന് കേരളത്തിലേക്കുള്ള സ്വകാര്യബസുകള്‍ വെള്ളിയാഴ്ച മുതല്‍ സര്‍വീസ് നിര്‍ത്തിവെച്ചിരിക്കുകയാണ്. കേരളത്തില്‍നിന്ന് മറ്റു സംസ്ഥാനങ്ങളിലേക്കുള്ള സ്വകാര്യബസുകള്‍ ഓടുന്നില്ല. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ സ്വകാര്യബസുടമകളുടെ എട്ട് സംഘടനകള്‍ മറ്റു സംസ്ഥാനങ്ങളിലേക്കുള്ള സര്‍വീസുകള്‍ തിങ്കളാഴ്ചമുതല്‍ പൂര്‍ണമായി നിര്‍ത്തുകയായിരുന്നു.

ഓള്‍ ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റ് എടുത്ത് സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകളില്‍നിന്ന് റോഡ് നികുതിക്കുപുറമേ അയല്‍ സംസ്ഥാനങ്ങള്‍ നികുതിയീടാക്കുന്നതില്‍ പ്രതിഷേധിച്ചാണ് സമരം. ഓരോ സംസ്ഥാനത്തിനും പ്രത്യേകം നികുതിയടയ്ക്കുന്നത് ഒഴിവാക്കുന്നതിന് ഓംനി ബസുകള്‍ക്ക് കേന്ദ്രം പ്രത്യേക പെര്‍മിറ്റ് അനുവദിക്കണമെന്ന് തമിഴ്നാട് ഓംനി ബസ് ഓണേഴ്സ് അസോസിയേഷന്‍ അസോസിയേഷന്‍ പ്രസിഡന്റ് എ. അന്‍പഴകന്‍ ആവശ്യപ്പെട്ടു.

മൂന്നുമാസത്തേക്ക് 90,000 രൂപ നല്‍കിയാണ് ബസുകള്‍ ഓള്‍ ഇന്ത്യ പെര്‍മിറ്റ് എടുക്കുന്നതെന്ന് തമിഴ്നാട് ഓംനി ബസ് ഓണേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് എ. അന്‍പഴകന്‍ പറഞ്ഞു. തമിഴ്നാട് റോഡ് ടാക്‌സായി ഒന്നരലക്ഷം രൂപ ഈടാക്കുന്നുണ്ട്. ഇതേ ബസ് കേരളത്തിലേക്കോ തമിഴ്നാട്ടിലേക്കോ പ്രവേശിക്കുമ്പോള്‍ രണ്ടു ലക്ഷം രൂപയോളം വീണ്ടും നല്‍കണം. ഇത് അമിതഭാരമാണെന്നാണ് ബസുടമകള്‍ പറയുന്നത്.

Related Stories

No stories found.
Times Kerala
timeskerala.com