നാളെ അച്ഛന്റെ പിറന്നാൾ ; അച്യുതാനന്ദന്റെ വിയോഗത്തിന് ശേഷമുള്ള ആദ്യ ജന്മദിന വേളയിൽ വൈകാരിക കുറിപ്പുമായി മകൻ അരുൺ കുമാർ |vs achuthanandan

അച്ഛനുണ്ടായിരുന്ന കാലത്തെ പിറന്നാൾ ദിന ഓർമകൾ പങ്കുവെച്ചാണ് അരുൺ കുമാറിന്റെ കുറിപ്പ്.
v s achudhananthan
Published on

തിരുവനന്തപുരം : സിപിഐഎം മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായിരുന്ന വി എസ് അച്യുതാനന്ദന്റെ വിയോഗത്തിന് ശേഷമുള്ള ആദ്യ ജന്മദിന വേളയിൽ വൈകാരിക കുറിപ്പുമായി മകൻ അരുൺ കുമാർ. അച്ഛനുണ്ടായിരുന്ന കാലത്തെ പിറന്നാൾ ദിന ഓർമകൾ പങ്കുവെച്ചാണ് അരുൺ കുമാറിന്റെ കുറിപ്പ്.

കുറിപ്പിന്റെ പൂർണരൂപം...

അച്ഛന്റെ പിറന്നാളാണ് നാളെ. അച്ഛൻ ഇല്ലാത്ത ആദ്യത്തെ പിറന്നാൾ. എന്നുവെച്ച്, എല്ലാ പിറന്നാളുകളിലും അച്ഛൻ ഞങ്ങളോടൊപ്പം ഉണ്ടായിരുന്നു എന്നല്ല. യാത്രകളും യോഗങ്ങളുമൊക്കെയായി അച്ഛൻ എന്നും തിരക്കിലായിരുന്നു. തിരുവനന്തപുരത്ത് താമസം തുടങ്ങിയ ശേഷവും സ്ഥിതിയിൽ കാര്യമായ മാറ്റങ്ങളൊന്നും ഉണ്ടായില്ല. അപ്പോഴും, ഞങ്ങൾ ചെറിയ തോതിൽ അച്ഛന്റെ പിറന്നാൾ വീട്ടിൽ വെച്ച് ആഘോഷിക്കുമായിരുന്നു.

ആരോഗ്യസ്ഥിതി വഷളായതിനെത്തുടർന്ന് അഞ്ച് വർഷം മുമ്പ് ശയ്യാവലംബിയായതിന് ശേഷം മാത്രമാണ് അച്ഛന്റെ പിറന്നാൾ ദിനത്തിൽ അച്ഛനോടൊപ്പം ചെലവിടാൻ തുടങ്ങിയത്.

ഇന്നിപ്പോൾ ഞങ്ങൾ എല്ലാവരും കൂടെ ആലപ്പുഴ പുന്നപ്ര വീട്ടിലേക്ക് പോന്നു. ഇവിടെയിപ്പോഴും ധാരാളം ആളുകൾ വരുന്നുണ്ട്. അച്ഛന്റെ ചുമർ ചിത്രങ്ങൾ തയ്യാറാക്കണമെന്ന് ഞങ്ങൾക്കാഗ്രഹമുണ്ടായിരുന്നു. ഇന്നിതാ, ലളിതകലാ അക്കാദമിയിലെ സുഹൃത്തുക്കൾ അച്ഛന്റെ ചുമർ ചിത്രങ്ങൾ മനോഹരമാക്കിയിരിക്കുന്നു. വലിയ സന്തോഷവും നന്ദിയുമുണ്ട്. അതുപോലെ, അച്ഛന്റെ പഴയകാല ചിത്രങ്ങളും വീഡിയോകളും ശേഖരിച്ചുകൊണ്ടിരിക്കുന്നു. ഈ സംരംഭത്തിനും നല്ല പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

നാളെ രാവിലെ അമ്മയോടൊപ്പം വലിയ ചുടുകാട്ടിലുള്ള അച്ഛന്റെ സ്മൃതിയിടത്തിൽ പോകണം, അപ്പച്ചിയുടെ മരണാനന്തര ചടങ്ങുകൾ സംബന്ധിച്ച ക്രമീകരണങ്ങൾ അന്വേഷിക്കണം… ബന്ധുക്കളും സുഹൃത്തുക്കളും വീട്ടിൽ വരുന്നതുകൊണ്ട് നാളെ വീട്ടിൽ നിന്നിട്ട് മറ്റന്നാൾ തിരുവനന്തപുരത്തേക്ക് തിരിക്കാം എന്നാണ് വിചാരിക്കുന്നത്. അച്ഛനില്ലാത്ത പുന്നപ്രയിലെ വീട്ടിലിരിക്കുമ്പോൾ ഉള്ളിലൊരു വിങ്ങലുയരുന്നുണ്ട്, ഞങ്ങൾക്ക്.

ജൂലൈ 21 നാണ് മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദൻ അന്തരിച്ചത്. വൈകിട്ട് 3.20നായിരുന്നു വി എസിന്റെ മരണം സ്ഥിരീകരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരം എസ്‌യുടി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച വി എസിന് പിന്നീട് സാധാരണ നിലയിലേയ്ക്ക് തിരിച്ചുവരാന്‍ സാധിച്ചിരുന്നില്ല. വെന്റിലേറ്ററിന്റെ സഹായത്തോടെ വിഎസിന്റെ ചികിത്സ തുടരുന്നതിനിടെയായിരുന്നു അന്ത്യം. തുടര്‍ന്ന് വന്‍ ജനാവലിയുടെ അകമ്പടിയോടെ ജൂലായ് 23ന് പുന്നപ്ര വയലാര്‍ രക്തസാക്ഷികള്‍ അടക്കം അന്ത്യവിശ്രമംകൊള്ളുന്ന വലിയ ചുടുകാട്ടില്‍ വി എസിന്റെ ഭൗതികശരീരം സംസ്‌കരിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com