മലപ്പുറം: ദേശീയപാത 66-ന്റെ ഭാഗമായി മലപ്പുറം ജില്ലയിലെ വെട്ടിച്ചിറയിൽ സ്ഥാപിച്ച ടോൾ പ്ലാസയിൽ ജനുവരി 30 മുതൽ ടോൾ പിരിവ് ആരംഭിക്കും. ടോൾ പ്ലാസയുടെ 20 കിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്നവർക്കും നിത്യയാത്രക്കാർക്കും ഇളവുകൾ അനുവദിക്കുമെന്നാണ് വിവരം.(Toll collection on NH 66 in Malappuram will begin from January 30)
കാർ, ജീപ്പ്, വാൻ തുടങ്ങിയ ചെറുവാഹനങ്ങൾക്ക് ഒരു വശത്തേക്ക് 130 രൂപയും, ഇരുവശത്തേക്കുമായി 190 രൂപയുമാണ് ടോൾ നിരക്ക്. ഇത്തരം വാഹനങ്ങളുടെ പ്രതിമാസ പാസ് നിരക്ക് 4275 രൂപയായിരിക്കും. മിനി ബസുകൾക്കും ലൈറ്റ് കൊമേഴ്‌സ്യൽ വാഹനങ്ങൾക്കും ഒരു വശത്തേക്ക് 205 രൂപയും ഇരുവശത്തേക്കും 310 രൂപയും നൽകണം.
ബസുകൾക്കും മറ്റ് രണ്ട് ആക്സിൽ വാഹനങ്ങൾക്കും ഒരു വശത്തേക്ക് 435 രൂപയാണ് നിരക്ക്. മൂന്ന് ആക്സിലുള്ള ട്രക്കുകൾക്ക് 475 രൂപയും നാല് മുതൽ ആറ് വരെ ആക്സുകളുള്ള വലിയ വാഹനങ്ങൾക്ക് 680 രൂപയും നൽകേണ്ടി വരും. ഏഴോ അതിലധികമോ ആക്സുകളുള്ള കൂറ്റൻ വാഹനങ്ങൾക്ക് ഒരു ഭാഗത്തേക്ക് മാത്രം 830 രൂപയായിരിക്കും നിരക്ക്.
ടോൾ പ്ലാസയുടെ 20 കിലോമീറ്റർ പരിധിക്കുള്ളിലുള്ള സ്വകാര്യ വാഹനങ്ങൾക്ക് പ്രതിമാസം 340 രൂപ നിരക്കിൽ പ്രത്യേക പാസ് അനുവദിക്കും. ആധാർ കാർഡുമായി ടോൾ പ്ലാസയിലെത്തി ഈ പാസ് കൈപ്പറ്റാവുന്നതാണ്. കൂടാതെ, 24 മണിക്കൂറിനുള്ളിൽ മടക്കയാത്ര നടത്തുന്നവർക്ക് രണ്ടാമത്തെ യാത്രയ്ക്ക് പകുതി തുക നൽകിയാൽ മതിയാകും. കൂരിയാട്ട് തകർന്ന ഭാഗത്തെ പുനർനിർമ്മാണ ജോലികൾ ഫെബ്രുവരി പകുതിയോടെ പൂർത്തിയാകുമെന്നും അധികൃതർ വ്യക്തമാക്കി.