കോഴിക്കോട്: വെങ്ങളം മുതൽ രാമനാട്ടുകര വരെയുള്ള 28 കിലോമീറ്റർ ദൂരത്തിന് ടോൾ പിരിവ് തുടങ്ങിയതോടെ വലിയ പ്രതിഷേധങ്ങൾക്കും ഗതാഗതക്കുരുക്കിനുമാണ് കോഴിക്കോട് സാക്ഷ്യം വഹിച്ചത്. കോൺഗ്രസ് പ്രവർത്തകർ ടോൾ പ്ലാസ ഉപരോധിക്കുകയും വാഹനങ്ങൾ കടത്തിവിടാൻ ശ്രമിക്കുകയും ചെയ്തതിനെത്തുടർന്ന് പോലീസ് ഇടപെട്ട് ഇവരെ അറസ്റ്റ് ചെയ്തു നീക്കി.(Toll collection begins on Vengalam-Ramanattukara reach, Severe traffic congestion on the first day)
വെറും 28 കിലോമീറ്റർ ദൂരത്തിന് കാറുകൾക്ക് ഒരു വശത്തേക്ക് 130 രൂപ എന്നത് അമിതമാണെന്നാണ് യാത്രക്കാരുടെ പരാതി. പലയിടത്തും റോഡിന് ആവശ്യമായ വീതിയില്ലെന്നും പാലങ്ങളുടെ നിർമ്മാണം പൂർത്തിയായിട്ടില്ലെന്നും പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടുന്നു. ടോൾ പിരിവ് തുടങ്ങിയ ആദ്യ ദിവസം തന്നെ ഗേറ്റുകളിൽ വാഹനങ്ങളുടെ നീണ്ട നിര പ്രത്യക്ഷപ്പെട്ടു.
പ്രദേശവാസികൾക്ക് നിലവിൽ നൽകുന്ന ഇളവുകൾ അപര്യാപ്തമാണെന്നും കൂടുതൽ ഇളവ് വേണമെന്നുമാണ് മറ്റൊരു ആവശ്യം. ടോൾ പിരിവിനെതിരെയുള്ള പരാതിയിൽ അന്വേഷണം നടത്താൻ കോടതി അഭിഭാഷക കമ്മിഷനെ നിയോഗിച്ചു. യൂത്ത് കോൺഗ്രസ് പ്രവർത്തകന്റെ ഹർജിയിലാണ് നടപടി.
നിർമ്മാണത്തിലെ അപാകതകളെക്കുറിച്ചും ടോൾ നിരക്കിനെക്കുറിച്ചുമുള്ള പരാതികൾ ദേശീയപാതാ അതോറിറ്റിയെ ഔദ്യോഗികമായി അറിയിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് വ്യക്തമാക്കി.