ഇന്നത്തെ 10 പ്രധാന വാർത്താ തലക്കെട്ടുകൾ നോക്കാം (19-10-2025) | Today's 10 major news headlines

Today's 10 major news headlines
Published on

ഇന്നത്തെ 10 പ്രധാന വാർത്താ തലക്കെട്ടുകൾ നോക്കാം (19-10-2025) | Today's 10 major news headlines

കുട്ടനാട്ടിലെ CPM പരിപാടിയിൽ G സുധാകരൻ പങ്കെടുക്കില്ല

മുതിർന്ന സി പി എം നേതാവ് ജി. സുധാകരൻ ഇന്ന് കുട്ടനാട്ടിൽ നടക്കുന്ന പാർട്ടി പരിപാടിയിൽ പങ്കെടുക്കില്ല. അനുനയ നീക്കങ്ങൾക്ക് വഴങ്ങാതെ, പേരിനു മാത്രമാണ് ക്ഷണിച്ചതെന്നും നോട്ടീസ് പോലും ലഭിച്ചില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കെ എസ് കെ ടി യുവിന്റെ വി എസ് അച്യുതാനന്ദൻ സ്മാരക പുരസ്കാര സമർപ്പണ ചടങ്ങാണിത്.

പെൺകുഞ്ഞു പിറന്നതിന് യുവതിക്ക് ഭർത്താവിൻ്റെ ക്രൂര മർദ്ദനം

എറണാകുളം അങ്കമാലിയിൽ ആദ്യത്തെ കുഞ്ഞ് പെണ്ണായതിന്റെ പേരിൽ ഭർത്താവ് യുവതിയെ നാല് വർഷത്തോളം ക്രൂരമായി മർദ്ദിച്ചു. കുഞ്ഞിനേയും ഇയാൾ ഉപദ്രവിച്ചു. യുവതി ഡോക്ടറോട് കാര്യങ്ങൾ വെളിപ്പെടുത്തിയതോടെ സംഭവം പുറത്തായി. ഭർത്താവിനെതിരെ പോലീസ് കേസെടുത്തു; അറസ്റ്റ് ഉണ്ടായേക്കും.

കൊച്ചിയിൽ സ്വതന്ത്ര ചിന്തകരുടെ പരിപാടിയിൽ തോക്കുമായെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചയാൾ അറസ്റ്റിൽ

കൊച്ചി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന സ്വതന്ത്ര ചിന്തകരുടെ പരിപാടി, തോക്കുമായി ഒരാൾ എത്തിയതിനെ തുടർന്ന് നിർത്തിവെച്ചു. ഉദയംപേരൂർ സ്വദേശിയെ അറസ്റ്റ് ചെയ്തു. ബോംബ് സ്ക്വാഡ് ഉൾപ്പെടെയുള്ളവർ സ്ഥലത്ത് പരിശോധന നടത്തുകയാണ്. ആയിരക്കണക്കിന് ആളുകൾക്ക് പുറത്തിറങ്ങേണ്ടി വന്നു.

ഭാര്യയെ കൊന്നു കുഴിച്ചിട്ട ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ

കോട്ടയം അയർക്കുന്നത്തിൽ ഭാര്യയെ കൊന്ന് കുഴിച്ചുമൂടിയ കേസിൽ ഇതര സംസ്ഥാന തൊഴിലാളി സോണി പിടിയിലായി. പശ്ചിമബംഗാൾ സ്വദേശിനി അൽപ്പാനയാണ് കൊല്ലപ്പെട്ടത്. ഭാര്യക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് സംശയിച്ചാണ് കൊലപാതകം നടത്തിയത്. പ്രതി കുറ്റം സമ്മതിച്ചു.

പേമാരി : കേരളത്തിൽ ഇന്ന് 6 ജില്ലകളിൽ ഓറഞ്ച് അലർട്ട്

കേരളത്തിൽ ഇന്നും അതിശക്തമായ മഴ തുടരും. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു. ഇടുക്കി, എറണാകുളം ഉൾപ്പെടെയുള്ള ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവർ അധികൃതരുടെ നിർദേശാനുസരണം സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണം. ഇടുക്കിയിലെ പെരിയാർ നദിയിൽ കേന്ദ്ര ജല കമ്മീഷൻ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

കൊല്ലം കടയ്ക്കലിൽ CPI-യിൽ കൂട്ടരാജി, പാർട്ടി വിട്ടത് 700ലേറെ അംഗങ്ങൾ

സി പി ഐയിൽ കൂട്ടരാജി. കൊല്ലം കടയ്ക്കലിൽ ആണ് സംഭവം. വിവിധ സ്ഥാനങ്ങളിലുള്ള 112 പേർ പാർട്ടി വിട്ടു. 700 ൽ അധികം പാർട്ടി അംഗങ്ങളും രാജിവച്ചെന്ന് നേതാക്കൾ പറഞ്ഞു. സംഭവം മന്ത്രി ജെ ചിഞ്ചുറാണിയുടെ ചടയമംഗലം നിയോജക മണ്ഡലത്തിലാണ്.

ലോകപ്രശസ്ത ലൂവർ മ്യൂസിയത്തിൽ വൻ മോഷണം

പാരിസിലെ ലൂവർ മ്യൂസിയത്തിൽ നെപ്പോളിയൻ കാലഘട്ടത്തിലെ ഒമ്പത് രാജകീയ ആഭരണങ്ങൾ മോഷണം പോയി. നിർമ്മാണത്തിലിരുന്ന ഭാഗത്തുകൂടി കടന്ന മോഷ്ടാക്കൾ ലിഫ്റ്റ് ഉപയോഗിച്ച് ജനൽ തകർത്ത് ആഭരണങ്ങളുമായി കടന്നുകളയുകയായിരുന്നു. ഫ്രഞ്ച് സാംസ്കാരിക മന്ത്രാലയം മോഷണ വിവരം സ്ഥിരീകരിച്ചു. മ്യൂസിയം ഒരു ദിവസത്തേക്ക് അടച്ചിട്ടു.

സുധാകരനെതിരെ ഒളിയമ്പുമായി എം എ ബേബി

സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി, മുൻ മന്ത്രി ജി. സുധാകരനെതിരെ ഒളിയമ്പെയ്തു. പ്രായത്തിന്റെ പേരിൽ സ്ഥാനങ്ങളിൽ നിന്ന് മാറിയാലും പാർട്ടി പ്രവർത്തനം തുടരണമെന്നും, അകന്നുപോകരുതെന്നും ബേബി പറഞ്ഞു. എസ്.ആർ.പി.യെ മാതൃകയാക്കി. വർഗീയതയ്ക്കെതിരെയും ഫാഷിസത്തിനെതിരെയും പോരാടണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

വണ്ടാനം മെഡിക്കൽ കോളേജിൽ പ്രസവാനന്തരം ചികിത്സയിലിരുന്ന 22കാരി മരിച്ചു

കൊല്ലം സ്വദേശിനി ജാരിയത്ത് (22) പ്രസവാനന്തരം ഗുരുതരാവസ്ഥയിലായി വണ്ടാനം മെഡിക്കൽ കോളേജിൽ മരിച്ചു. കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ പ്രസവിച്ച യുവതിയെ ആരോഗ്യനില വഷളായതിനെ തുടർന്ന് വണ്ടാനം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്.

മഴ കളിച്ച ആദ്യ ഏകദിനം ഓസ്‌ട്രേലിയക്ക്

മഴയെത്തുടർന്ന് ചുരുക്കിയ ഇന്ത്യ-ഓസ്‌ട്രേലിയ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് ദയനീയ തോൽവി. ഡക്ക്‌വർത്ത് ലൂയിസ് നിയമപ്രകാരം 131 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഓസ്‌ട്രേലിയ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ അനായാസം വിജയിച്ചു. അക്‌സർ പട്ടേലും കെ.എൽ. രാഹുലുമാണ് ഇന്ത്യക്കായി ഭേദപ്പെട്ട പ്രകടനം നടത്തിയത്. ഇതോടെ ഓസീസ് പരമ്പരയിൽ 1-0ന് മുന്നിലെത്തി.

Related Stories

No stories found.
Times Kerala
timeskerala.com