
ഇന്നത്തെ 10 പ്രധാന വാർത്താ തലക്കെട്ടുകൾ നോക്കാം (13-10-2025) | Today's 10 major news headlines
Fire force : കിണറ്റിൽ ചാടിയ യുവതിയെ രക്ഷിക്കാൻ ശ്രമം : കൊല്ലത്ത് ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ 3 പേർക്ക് ദാരുണാന്ത്യം
കിണറ്റിൽ ചാടിയ യുവതിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഫയർഫോഴ്‌സ് അംഗം ഉൾപ്പെടെ 3 പേർക്ക് ദാരുണാന്ത്യം. കൊല്ലം നെടുവത്തൂരിലാണ് സംഭവം. മരിച്ചത് കൊട്ടാരക്കര ഫയർ ആൻഡ് റസ്ക്യൂ യൂണിറ്റ് അംഗമായ ആറ്റിങ്ങൽ സ്വദേശി സോണി എസ്. കുമാർ (36), കിണറ്റിൽ ചാടിയ നെടുവത്തൂർ സ്വദേശിനി അർച്ചന (33), സുഹൃത്ത് ശിവകൃഷ്ണൻ (22) എന്നിവരാണ്.
Karur Stampede : കരൂർ ദുരന്തം : CBI അന്വേഷണത്തിന് ഉത്തരവിട്ട് സുപ്രീം കോടതി, മുൻ സുപ്രീം കോടതി ജഡ്ജിയുടെ നേതൃത്വത്തിൽ സൂപ്പർവൈസറി കമ്മിറ്റി, വിജയ്ക്ക് നിർണായകം, മദ്രാസ് ഹൈക്കോടതിക്ക് വിമർശനം
സെപ്റ്റംബർ 27 ന് നടൻ വിജയ്‌യുടെ രാഷ്ട്രീയ പാർട്ടിയായ തമിഴഗ വെട്രി കഴകം (ടിവികെ) നടത്തിയ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും 41 പേർ കൊല്ലപ്പെട്ട സംഭവത്തിൽ സുപ്രീം കോടതി ഇന്ന് സിബിഐ അന്വേഷണം നടത്താൻ ഉത്തരവിട്ടു. "ഈ വിഷയങ്ങൾ പൗരന്മാരുടെ മൗലികാവകാശങ്ങളെ ബാധിക്കുന്നു, ദേശീയ മനസ്സാക്ഷിയെ പിടിച്ചുകുലുക്കിയ സംഭവം നീതിയുക്തവും നിഷ്പക്ഷവുമായ അന്വേഷണം അർഹിക്കുന്നു. അതിനാൽ, ഒരു ഇടക്കാല നടപടി എന്ന നിലയിൽ, വിഷയത്തിൽ ന്യായമായ അന്വേഷണം നടത്തുന്നതിനായി അന്വേഷണം സിബിഐക്ക് കൈമാറാൻ നിർദ്ദേശം നൽകേണ്ടത് ആവശ്യമാണ്. പൗരന്മാർക്ക് ന്യായമായ അന്വേഷണം അർഹതയുണ്ടെന്നതിൽ യാതൊരു സംശയവുമില്ല," ജസ്റ്റിസ് ജെ കെ മഹേശ്വരിയും ജസ്റ്റിസ് എൻ വി അഞ്ജരിയയും അടങ്ങുന്ന ബെഞ്ച് പ്രഖ്യാപിച്ചു.
ഒ.ജെ.ജനീഷ് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ | O.J. Janeesh
വിവാദങ്ങളെ തുടർന്ന് രാജി വെച്ച രാഹുൽ മാങ്കൂട്ടത്തിലിന് പകരമായി ഒ.ജെ. ജനീഷിനെ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായി തിരഞ്ഞെടുത്തു. നിലവിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷനായിരുന്നു ജനീഷ്. സംഘടനാ നേതൃത്വത്തിൽ പുതിയ മാറ്റങ്ങൾ വരുത്തിക്കൊണ്ടാണ് നിയമനങ്ങൾ പ്രഖ്യാപിച്ചത്. ബിനു ചുള്ളിയിലിനെ യൂത്ത് കോൺഗ്രസ് വർക്കിംഗ് പ്രസിഡന്റായും നിയമിച്ചു.അബിൻ വർക്കി, കെ.എം. അഭിജിത്ത് എന്നിവരെ യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറിമാരായും തിരഞ്ഞെടുത്തു.തൃശൂർ സ്വദേശിയായ ജനീഷ്, കെ.എസ്.യു.വിലൂടെയാണ് രാഷ്ട്രീയത്തിൽ സജീവമായത്. സംഘടനാരംഗത്ത് നീണ്ട പ്രവർത്തന പാരമ്പര്യം അദ്ദേഹത്തിനുണ്ട്.
ജനങ്ങൾക്ക് പറയാനുള്ളത് അവരുടെ അരികിലെത്തി കേൾക്കും; നവകേരള വികസന പരിപാടിയുമായി സര്‍ക്കാര്‍
ജനങ്ങളുമായി നേരിട്ട് സംവദിച്ച് സംസ്ഥാനത്തിന്റെ വികസനത്തിന് പുതിയ മാർഗ്ഗരേഖ തയ്യാറാക്കാൻ ലക്ഷ്യമിട്ട് നവകേരള വികസന പരിപാടിക്ക് സർക്കാർ തുടക്കം കുറിക്കുന്നു. ജനങ്ങൾക്ക് പറയാനുള്ള കാര്യങ്ങൾ സൂക്ഷ്മമായി കേൾക്കുമെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. നിലവിൽ ജനങ്ങളുമായി നിരന്തരമായി സംവദിച്ചാണ് സർക്കാർ മുന്നോട്ട് പോകുന്നത്. എങ്കിലും കൂടുതൽ ക്രിയാത്മകമായ ഇടപെടലുകൾ ഉണ്ടാകുമെന്നും സമഗ്രമായ ഒരു പഠന പദ്ധതിക്ക് സർക്കാർ ഒരുങ്ങുകയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ശബരിമല സ്വര്‍ണക്കൊള്ള ; ആരൊക്കെ ജയിലില്‍ പോകുമെന്ന കാര്യം അന്വേഷണത്തിന് ശേഷം കണ്ടറിയാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ |Pinarayi Vijayan
ശബരിമല സ്വര്‍ണക്കൊള്ളയില്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണം പൂര്‍ത്തിയാക്കിയ ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിഷയത്തിൽ അന്വേഷണം അവസാനിക്കും മുന്‍പ് ആരും വിധിയെഴുതേണ്ട കാര്യമില്ലല്ലോ. .ഈ കാര്യത്തിൽ ഒരു ആശങ്കയും ആർക്കും വേണ്ട. സർക്കാറല്ല വീഴ്ച വിലയിരുത്തേണ്ടത്. ആരാണ് വിലങ്ങ് അണിയാതെയും അണിഞ്ഞും ജയിലിലേക്ക് പോകുന്നത് എന്ന് നോക്കാമെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
മകന് ഇ.ഡി നോട്ടിസ് കിട്ടിയിട്ടില്ല ; ക്ലിഫ് ഹൗസിൽ എത്ര മുറിയുണ്ടെന്നു പോലും അവനറിയില്ല, രണ്ട് മക്കളിലും അഭിമാനം മാത്രമെന്ന് മുഖ്യമന്ത്രി|Pinarayi Vijayan
മകൻ വിവേക് കിരണിനെതിരായ ഇ ഡി സമൻസിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. തന്റെ രാഷ്ട്രീയ പ്രവർത്തനം സുതാര്യമാണെന്നും മകന് ഇ ഡി സമൻസ് ലഭിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ക്ലിഫ് ഹൗസില്‍ എത്ര മുറിയുണ്ട് എന്നുപോലും അവന് അറിയുമോയെന്ന് സംശയമാണ്. അതാണ് എന്റെ മകന്റെ പ്രത്യേകത. ജോലി, വീട് എന്ന് പറഞ്ഞ് ജീവിക്കുന്ന ആളാണ് വിവേക് കിരൺ. മകനെ കുറിച്ചോർത്ത് അഭിമാനം മാത്രമാണ്. എന്റെ അഭിമാനബോധം പ്രത്യേക തരത്തിലാണ്. ഒരു ദുഷ്‌പേരും എനിക്കുണ്ടാക്കുന്ന രീതിയില്‍ എന്റെ മക്കള്‍ ആരും പ്രവര്‍ത്തിച്ചിട്ടില്ല.രണ്ട് മക്കളെ കുറിച്ചും തനിക്ക് അഭിമാനം മാത്രമാണ് ഉള്ളത് മുഖ്യമന്ത്രി പറഞ്ഞു.
കേന്ദ്രസര്‍ക്കാരിന്റെ ജിഎസ്ടി പരിഷ്കരണം ; ലോട്ടറി തൊഴിലാളികളെ ബാധിക്കാതെ സര്‍ക്കാര്‍ സംരക്ഷിക്കുമെന്ന് മുഖ്യമന്ത്രി |Pinarayi Vijayan
കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ ജിഎസ്ടി നിരക്ക് പരിഷ്കരണം സംസ്ഥാനത്തെ ലോട്ടറി മേഖലയ്ക്ക് വലിയ ആഘാതമാണ് ഉണ്ടാക്കിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഭാഗ്യക്കുറി ടിക്കറ്റിലുള്ള ജിഎസ്ടി 28 ശതമാനത്തില്‍ നിന്ന് 40 ശതമാനം ആയിട്ടാണ് കേന്ദ്രസര്‍ക്കാര്‍ ഒറ്റയടിക്ക് വര്‍ദ്ധിപ്പിച്ചത്. മുഖ്യമന്ത്രി എന്ന നിലയില്‍ താനും ധനമന്ത്രിയും നേരിട്ടും കത്തുകള്‍ മുഖേനയും കേന്ദ്ര ധനകാര്യ വകുപ്പിനോടും ജിഎസ്ടി കൗണ്‍സിലിനോടും ലോട്ടറിയുടെ ജിഎസ്ടി വര്‍ധിപ്പിക്കരുതെന്ന് നിരവധി തവണ ആവശ്യപ്പെട്ടിട്ടും അതെല്ലാം നിരാകരിക്കുന്ന സമീപനമാണ് കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായത്. അതിന്റെ ഭാഗമായാണ് ലോട്ടറി മേഖലയില്‍ നികുതി വര്‍ധനവിന് കാരണമായതെന്നും അദ്ദേഹം പറഞ്ഞു.
ജോയൽ മോകിർ ഫിലിപ് അഗിയോൺ പീറ്റർ ഹോവിറ്റ് എന്നിവർക്ക് സാമ്പത്തിക നൊബേൽ |nobel economics prize
2025 ലെ സാമ്പത്തിക ശാസ്ത്ര നൊബേല്‍ പ്രഖ്യാപിച്ചു. ജോയല്‍ മോക്കിര്‍, ഫിലിപ്പ് ആഗിയോണ്‍, പീറ്റര്‍ ഹൊവിറ്റ് എന്നിവരാണ് ഈ വര്‍ഷത്തെ നൊബേല്‍ പുരസ്കാരത്തിന് അര്‍ഹരായത്.നവീകരണത്തെ അടിസ്ഥാനമാക്കിയുള്ള സാമ്പത്തിക വളർച്ചയെക്കുറിച്ചുള്ള വിശദീകരണത്തിനാണ് നൊബേൽ.
ശബരിമല സ്വർണപ്പാളി വിവാദത്തിൽ ഗവർണറെ കണ്ട് ബിജെപി നേതാക്കൾ |Rajeev chandrasekhar
ശബരിമല സ്വർണപ്പാളി വിവാദത്തിൽ ഗവർണറെ കണ്ട് ബിജെപി നേതാക്കൾ. നിലവിലെ അന്വേഷണം തൃപ്തികരമല്ലെന്നും കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ആവശ്യപ്പെട്ടു. ശബരിമല വിഷയത്തെ സംബന്ധിച്ച് ഗവർണറെ ബോധ്യപ്പെടുത്തി. വിശ്വാസത്തെ ബാധിക്കുന്ന പ്രശ്നമാണ് ഇത്.വിഷയത്തിൽ വീഴ്ച്ചയെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ഇത് വീഴ്ചയല്ല കൊള്ളയാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കുറ്റപ്പെടുത്തി. 30 വർഷത്തെ ദേവസ്വം ബോര്‍ഡ് റിപ്പോര്‍ട്ട് പുറത്തുവിടണമെന്നും രാജീവ് ചന്ദ്രശേഖര്‍ ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു |amebic meningoencephalitis
സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. കൊല്ലം കടയ്ക്കൽ സ്വദേശിയായ അറുപത്തിരണ്ടുകാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവർ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുകയാണ്. കഴിഞ്ഞദിവസം പാലക്കാട് കൊടുമ്പ് സ്വദേശിയായ അറുപത്തിരണ്ടുകാരനും രോഗം സ്ഥിരീകരിച്ചിരുന്നു. ഒക്ടോബർ അഞ്ചിന് രോഗലക്ഷണങ്ങളോട് പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. രോഗം സ്ഥിരീകരിച്ചതിനു പിന്നാലെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് റഫർ ചെയ്തു.