
ഇന്നത്തെ 10 പ്രധാന വാർത്താ തലക്കെട്ടുകൾ നോക്കാം (21-10-2025) | Today's 10 major news headlines
കേരളത്തിൽ വീണ്ടും അമീബിക് മസ്തിഷ്ക ജ്വര മരണം
കേരളത്തിൽ വീണ്ടും അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് മരണം. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന പോത്തൻകോട് സ്വദേശിയാണ് മരിച്ചത്. 78 വയസ്സായിരുന്നു. ഇതോടെ, രണ്ട് ദിവസത്തിനിടെ തലസ്ഥാനത്ത് അമീബിക് മസ്തിഷ്കജ്വരം മൂലം മരിച്ചവരുടെ എണ്ണം രണ്ടായി.
'CPIയെ അവഗണിക്കില്ല, ആവശ്യമെങ്കിൽ ദേശീയ നേതൃത്വം ഇടപെടും': PM ശ്രീ പദ്ധതിയിൽ MA ബേബി
പി.എം. ശ്രീ പദ്ധതിയെക്കുറിച്ചുള്ള സി.പി.ഐ. വിമർശനം എൽഡിഎഫ് ചർച്ച ചെയ്യുമെന്ന് എം.എ. ബേബി അറിയിച്ചു. കേന്ദ്രനയം അംഗീകരിക്കാതെ പദ്ധതിയുടെ ഗുണം എങ്ങനെ ലഭ്യമാക്കാമെന്ന് എൽഡിഎഫ് നോക്കും. കേന്ദ്രനിലപാട് കേരളം അംഗീകരിക്കില്ല. മോദി സർക്കാർ വിദ്യാഭ്യാസ മേഖലയെ തകർക്കുകയാണെന്നും സി.പി.ഐയെ അവഗണിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യയുടെ ഓട്ടോ, EV PLI പദ്ധതികൾ WTO മാനദണ്ഡങ്ങൾ ലംഘിക്കുന്നു : പരാതി നൽകി ചൈന
ഇന്ത്യയുടെ അഡ്വാൻസ്ഡ് കെമിസ്ട്രി സെൽ ബാറ്ററികൾ, ഓട്ടോമൊബൈലുകൾ എന്നിവയ്ക്കുള്ള ഉൽപ്പാദന പ്രോത്സാഹന പദ്ധതികളും ഇലക്ട്രിക് വാഹന നയവും ലോക വ്യാപാര സംഘടനയുടെ നിയമങ്ങൾ ലംഘിക്കുന്നുവെന്ന് ചൈന ആരോപിച്ചു. ചൈന ഇതിനെതിരെ WTO-യിൽ പരാതി നൽകി, ഇന്ത്യയുമായി കൂടിയാലോചനകൾക്ക് ശ്രമിക്കുന്നു. ഇറക്കുമതി ചെയ്യുന്നതിനേക്കാൾ ആഭ്യന്തര ഉൽപ്പന്നങ്ങളെ ആശ്രയിച്ച്, ചൈനീസ് വസ്തുക്കളോട് ഇന്ത്യ വിവേചനം കാണിക്കുന്നുവെന്നും ചൈന പറഞ്ഞു.
നവി മുംബൈയിലെ ഫ്ലാറ്റ് സമുച്ചയത്തിൽ വൻ തീപിടിത്തം: 3 തിരുവനന്തപുരം സ്വദേശികൾ ഉൾപ്പെടെ 4 പേർക്ക് ദാരുണാന്ത്യം
നവി മുംബൈയിലെ ഫ്ലാറ്റ് തീപിടിത്തത്തിൽ മൂന്ന് മലയാളികളടക്കം നാലുപേർ മരിച്ചു. തിരുവനന്തപുരം സ്വദേശികളായ സുന്ദർ ബാലകൃഷ്ണൻ, ഭാര്യ പൂജ രാജൻ, മകൾ വേദിക എന്നിവരാണ് മരിച്ച മലയാളികൾ. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്ന് പ്രാഥമിക നിഗമനം.
കേരള സ്കൂൾ കായികമേളയ്ക്ക് തിരുവനന്തപുരത്ത് തിരി തെളിഞ്ഞു: ചരിത്രത്തിൽ ആദ്യമായി തീം സോങും സ്വർണ്ണക്കപ്പും
തിരുവനന്തപുരത്ത് സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് ധനമന്ത്രി കെ.എൻ. ബാലഗോപാലും ഐ.എം. വിജയനും ചേർന്ന് തിരിതെളിയിച്ചു. ഇതാദ്യമായി തീം സോങ്ങും 117.5 പവന്റെ സ്വർണ്ണക്കപ്പും മേളയിൽ അവതരിപ്പിച്ചു. സഞ്ജു സാംസണും കീർത്തി സുരേഷുമാണ് അംബാസഡർമാർ. മാർച്ച് പാസ്റ്റിൽ കോഴിക്കോട് ഒന്നാമതെത്തി. പഴയിടം മോഹനൻ നമ്പൂതിരിയാണ് പാചക ചുമതലയിൽ.
താമരശ്ശേരിയിൽ ഫ്രഷ് കട്ട് മാലിന്യ സംസ്കരണ ഫാക്ടറിക്കെതിരായ പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചു: ഫാക്ടറിക്ക് തീയിട്ടു
കോഴിക്കോട് താമരശ്ശേരിയിലെ ഫ്രഷ് കട്ട് മാലിന്യ സംസ്കരണ കേന്ദ്രത്തിനെതിരായ നാട്ടുകാരുടെ പ്രതിഷേധം അക്രമാസക്തമായി. ഫാക്ടറിക്ക് തീയിടുകയും ചെയ്തു. എസ്.പി ഉൾപ്പെടെ ഇരുപതിലധികം പോലീസുകാർക്കും നിരവധി നാട്ടുകാർക്കും പരിക്കേറ്റു. ദുർഗന്ധമാണ് പ്രതിഷേധത്തിന് കാരണം. തീ അണയ്ക്കാൻ ഫയർഫോഴ്സിനെ തടഞ്ഞതിനാൽ സംഘർഷാവസ്ഥ തുടരുകയാണ്.
രാഷ്ട്രപതി ദ്രൗപദി മുർമു നാല് ദിവസത്തെ സന്ദർശനത്തിനായി കേരളത്തിലെത്തി; ശബരിമല ദർശനം നാളെ
നാല് ദിവസത്തെ സന്ദർശനത്തിനായി രാഷ്ട്രപതി ദ്രൗപദി മുർമു കേരളത്തിലെത്തി. ശബരിമല, ശിവഗിരി സന്ദർശനം, മുൻ രാഷ്ട്രപതി കെ.ആർ. നാരായണന്റെ പ്രതിമ അനാച്ഛാദനം എന്നിവ പ്രധാന പരിപാടികളാണ്. വിവിധ ജില്ലകളിലെ ചടങ്ങുകളിൽ പങ്കെടുത്ത ശേഷം ഒക്ടോബർ 24-ന് അവർ മടങ്ങും.
ശബരിമല സ്വർണ്ണക്കൊള്ള: ക്രിമിനൽ ഗൂഢാലോചന അന്വേഷിക്കണം; ഉന്നത ഉദ്യോഗസ്ഥരെയും പരിഗണിക്കണം: ഹൈക്കോടതി
ശബരിമലയിലെ സ്വർണ്ണക്കൊള്ള കേസിൽ ക്രിമിനൽ ഗൂഢാലോചന സമഗ്രമായി അന്വേഷിക്കാൻ ഹൈക്കോടതി എസ്.ഐ.ടിക്ക് നിർദ്ദേശം നൽകി. ദേവസ്വം ബോർഡ് ഉന്നത ഉദ്യോഗസ്ഥരുടെ പങ്ക്, ദുരൂഹമായ സ്വർണ്ണക്കൈമാറ്റം, തിരുവാഭരണം രജിസ്റ്ററിൽ രേഖപ്പെടുത്താത്തത് എന്നിവ പരിശോധിക്കണം. ബോർഡിന്റെ വീഴ്ചകൾ ചൂണ്ടിക്കാട്ടിയ കോടതി, മിനിറ്റ്സ് പിടിച്ചെടുക്കാനും ഉത്തരവിട്ടു.
ഇരട്ട ന്യൂനമർദ്ദം : നാളെ ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിൽ റെഡ് അലർട്ട്
കേരളത്തിൽ അതിതീവ്ര മഴ മുന്നറിയിപ്പ്. ഇരട്ട ന്യൂനമർദം കാരണം നാളെ (ഒക്ടോബർ 22) ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. മറ്റ് ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകളാണ്. ജനങ്ങൾ അതീവ ജാഗ്രത പാലിക്കാൻ നിർദ്ദേശം നൽകി.
കയറിയത് പോലെ തിരിച്ചിറങ്ങി സ്വർണ്ണവില : ഉച്ചയ്ക്ക് ശേഷം പവന് കുറഞ്ഞത്
രണ്ടുദിവസത്തെ ഇടിവിനുശേഷം രാവിലെ കൂടിയ സ്വർണ്ണവില ഉച്ചയോടെ കുത്തനെ കുറഞ്ഞു. ഇന്ന് പവന് 1600 രൂപ കുറഞ്ഞ് പുതിയ വില 95,760 രൂപയായി. ഗ്രാമിന് 200 രൂപ കുറഞ്ഞ് 11,970 രൂപയായി.