
തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിലെ അതികായനായ വി.എസ്. അച്യുതാനന്ദന്റെ 102-ാം ജന്മദിനമാണ് ഇന്ന്. വി.എസ്. അച്യുതാനന്ദൻ ഇല്ലാത്ത ആദ്യ ജന്മദിനമാണിത്. അദ്ദേഹത്തോടുള്ള ആദരസൂചകമായി, ആലപ്പുഴ പുന്നപ്രയിലെ അദ്ദേഹത്തിന്റെ വേലിക്കകത്ത് വീടിന്റെ ചുറ്റുമതിൽ വി.എസ്സിന്റെ സമര ചരിത്രം വരച്ചുചേർത്ത് അലങ്കരിച്ചിരിക്കുകയാണ്.( Today is VS Achuthanandan's 102nd birthday)
സംസ്കാരിക വകുപ്പിന്റെ നിർദേശ പ്രകാരം കേരള ലളിതകലാ അക്കാദമിയും പുരോഗമന കലാസാഹിത്യ സംഘവും ചേർന്നാണ് വി.എസ്സിന്റെ നൂറ്റാണ്ട് പിന്നിട്ട വിപ്ലവ ജീവിതം ചുറ്റുമതിലിൽ ചിത്രീകരിച്ചിരിക്കുന്നത്. തിരുവനന്തപുരത്ത് നിന്ന് വി.എസ്സിന്റെ മകൻ വി.എ. അരുൺ കുമാറും കുടുംബവും ഇന്നലെ തന്നെ പുന്നപ്രയിലെ വേലിക്കകത്ത് വീട്ടിൽ എത്തിയിട്ടുണ്ട്.
അവസാന യാത്രയിൽ പോലും വി.എസ്. അൽപ്പസമയം വിശ്രമിച്ച വീടാണിത്. വി.എസ്സിന്റെ സംസ്കാര ചടങ്ങുകൾ നടന്ന വലിയ ചുടുകാട്ടിലെ സ്ഥലം ഇപ്പോഴും അതേപോലെ സംരക്ഷിച്ചിട്ടുണ്ട്. അദ്ദേഹത്തെ സ്നേഹിക്കുന്ന നിരവധി ആളുകൾ ഇന്ന് വലിയ ചുടുകാടും പുന്നപ്രയിലെ വേലിക്കകത്ത് വീട്ടിലും എത്തുമെന്നാണ് കരുതുന്നത്. മിക്ക ദിവസങ്ങളിലും ധാരാളം പേർ ഈ സ്ഥലങ്ങൾ സന്ദർശിക്കാറുണ്ട്.
ജന്മദിനത്തിന്റെ ഭാഗമായി വേലിക്കകത്ത് വീട്ടിൽ ഇന്ന് ഉച്ചയ്ക്ക് 1.30-ന് ജോസഫ് സി. മാത്യു, ജോയ് കൈതാരം, ശശിധരൻ വി.കെ. എന്നിവരുടെ നേതൃത്വത്തിൽ സെമിനാർ സംഘടിപ്പിക്കുന്നുണ്ട്.